ബിഹാറില്‍ ജെഡിയു നേതാവിനെ വീടിനു മുന്നില്‍ വെടിവച്ചു കൊന്നു

പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ യുവ നേതാവും ദനാപൂര്‍ നഗര്‍ പരിഷത് ഉപാധ്യക്ഷനുമായ ദീപക് കുമാര്‍ മേത്തയെ വീടിനു മുന്നിലിട്ട് മൂന്നംഗ അജ്ഞാത സംഘം വെടിവച്ചു കൊന്നു. പട്‌നയിലെ നസ്രിഗഞ്ച് പോലീസ് ഔട്ട്‌പോസ്റ്റിനു സമീപം തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം. തൊട്ടടുത്ത് നിന്ന് മേത്തയ്ക്കു നേരെ തുരുതുരാ വെടിയുതിര്‍ത്ത ശേഷം മൂന്ന് അജ്ഞാത അക്രമികളും രക്ഷപ്പെട്ടു. സംഘം വാടക കൊലയാളികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പട്നയിലെ  ദനാപൂരില്‍ ജനകീയ നേതാവായ ദീപക് കുമാര്‍ മേത്ത 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മേത്തയും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് മേത്തയുടെ ബന്ധു പ്രിയ രഞ്ജന്‍ കുമാര്‍ പറഞ്ഞു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ ജനക്കൂട്ടം ചൊവ്വാഴ്ചയും പ്രകടനം നടത്തി.

കൊലപാതകത്തിന് പിന്നിലെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കേസ് അന്വേഷണത്തിന് വിവിധ പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും സീനിയര്‍ പോലീസ് സുപ്രണ്ട് മാനവ്ജിത് സിങ് ധില്ലന്‍ പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുഷ് വാഹ അടക്കമുള്ള ജെഡിയു നേതാക്കള്‍ സംഭവമറിഞ്ഞ് മേത്തയുടെ വീട്ടിലെത്തി. 
 

Latest News