Sorry, you need to enable JavaScript to visit this website.

ആർ.എം.പിയെ ഇല്ലാതാക്കാൻ സി.പി.എമ്മിന്റെ തന്ത്രങ്ങൾ   

കോഴിക്കോട് - വീരേന്ദ്രകുമാർ വിഭാഗം ജനതാദളിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുന്നതിന് പിന്നിലെ ലക്ഷ്യങ്ങളിലൊന്ന് ആർ.എം.പി. 
ചുടുചോര കൊണ്ട് ടി.പി ചന്ദ്രശേഖരൻ ഉശിര് പകർന്ന റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നിലനിൽപിന് വേണ്ടി പൊരുതുകയാണ്. വടകര മേഖലയിലെ പ്രമുഖ സി.പി.എം നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത് 2008 ലാണ്.  2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടി.പി വടകര മണ്ഡലത്തിൽ മത്സരിക്കുകയും ഇടതുമുന്നണിക്ക് വടകര മണ്ഡലം നഷ്ടമാകുകയും ചെയ്തു. 2012 മെയ് നാലിന് ടി.പി ചന്ദ്രശേഖരനെ ഏതാനും പേർ വെട്ടിക്കൊല്ലുകയായിരുന്നു.
ടി.പി ചന്ദ്രശേഖരന്റെ പാർട്ടിയുടെ സ്വാധീനം പ്രധാനമായും വടകര താലൂക്കിലെ ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂർ ഗ്രാമപഞ്ചായത്തുകളിലാണ്. ജില്ലയിലെ വിവിധ ദേശങ്ങളിൽ നേരത്തെ സി.പി.എം നേതൃത്വവുമായി ഇടഞ്ഞു നിന്നവർ ആർ.എം.പിയുടെ ഭാഗമായെങ്കിലും വടകരയാണ് പാർട്ടിയുടെ ശക്തികേന്ദ്രം. സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ ലോക്‌സഭാ മണ്ഡലം എന്ന് വിശേഷിപ്പിച്ച വടകര 2009ലും 2014ലും നഷ്ടപ്പെടാനിടയായത് ആർ.എം.പിയുടെ സാന്നിദ്ധ്യം കൊണ്ടാണെന്ന് വിലയിരുത്തുന്നു. ഒഞ്ചിയം, ചേറോട്, ഏറാമല, അഴിയൂർ, പഞ്ചായത്തുകലും സി.പി.എമ്മിന് നഷ്ടപ്പെട്ടു.
ടി.പിയുടെ രക്തസാക്ഷിത്വത്തിന് ശേഷം പാർട്ടി ശക്തമായെങ്കിലും വർഷങ്ങൾ കഴിയുന്നതോടെ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുകയാണ് അണികളും നേതൃത്വവും. സംസ്ഥാന ഭരണത്തിന്റെ കൂടി ബലത്തിൽ മേഖലയിലെ ആർ.എം.പി ഭീഷണി ഇല്ലാതാക്കാൻ സി.പി.എം കച്ചമുറുക്കി കഴിഞ്ഞു. ഈ മേഖലയിലെ ആക്രമങ്ങൾ ഇതിന്റെ ഭാഗമാണ്. ജനതാദൾ യു.വിന് സ്വാധീന മേഖലകൾ ഈ പഞ്ചായത്തിലുണ്ടെന്നാണ് വീരേന്ദ്ര കുമാറിനെ കൂടെ നിർത്തുന്നതിൽ സി.പി.എമ്മിന്റെ ലക്ഷ്യങ്ങളിലൊന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര തിരിച്ചുപിടിക്കാമെന്ന് സി.പി.എം. കണക്കുക്കൂട്ടുന്നു.
ഒഞ്ചിയത്ത് അഞ്ച് അംഗങ്ങളുള്ള ആർ.എം.പിയാണ് രണ്ട് മുസ്‌ലിം ലീഗ് അംഗങ്ങളുടെ പ്രത്യക്ഷ പിന്തുണയോടെയും യു.ഡി.എഫിന്റെ പരോക്ഷ പിന്തുണയോടേയും ഭരണം നടത്തുന്നത്. അഴിയൂർ, ചോറോട്, ഏറാമല, പഞ്ചായത്തുകളിൽ ആർ.എം.പിയുടെ പരോക്ഷ പിന്തുണ യു.ഡി.എഫിനാണ്. എന്നാൽ അഴിയൂരിൽ മൂന്നും, ചോറോട് രണ്ടും, ഏറാമലയിൽ ഏഴും അംഗങ്ങളുള്ള ജനതാദൾ യു. വീരൻ വിഭാഗം ഇടത്തോട്ട് മാറുന്നതോടെ പഞ്ചായത്തുകൾ ഇടതുഭരണത്തിലാകും.
ഓർക്കാട്ടേരി ചന്തയിലടക്കം മേഖലയിൽ ഉണ്ടായ സംഘർഷം നിയമസഭയിലും പുറത്തും ചർച്ചാവിഷയമാക്കാൻ ആർ.എം.പി ശ്രമിച്ചു. കെ.കെ. രമ ദൽഹിയിൽ സത്യഗ്രഹം ഇരിക്കുകയുണ്ടായി. സി.പി.എമ്മിന്റെ അക്രമവും പോലീസിന്റെ കള്ളക്കേസുകളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആർ.എം.പി സത്യഗ്രഹം നടത്തിയത്.
എന്നാൽ ആർ.എം.പിയിൽ തെറ്റിദ്ധരിച്ച് ചേർന്ന പ്രവർത്തകർ സി.പി.എമ്മിലേക്ക് തിരിച്ചുവരുന്നതിനെ തടയാൻ ആർ.എം.പിക്കാരാണ് അക്രമം നടത്തുന്നതെന്നാണ് സി.പി.എമ്മിന്റെ വാദം. ആർ.എം.പിയിൽ നിന്ന്  തിരിച്ചെത്തിയവർക്കാണ് മർദ്ദനമേറ്റതെന്ന് സി.പി.എം പറയുന്നു.
അക്രമങ്ങളും കേസുകളും കൊണ്ട് ഒരു ഭാഗത്ത് പൊറുതിമുട്ടിക്കുമ്പോൾ മറുഭാഗത്ത് പ്രലോഭനങ്ങൾ നടത്തിയും ആർ.എം.പിയെ തകർക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്ന് ആർ.എം.പി വിശദീകരിക്കുന്നത്.
ആർ.എം.പിക്കാരനായി നിൽക്കുകയെന്നത് വലിയ പരീക്ഷണമാണ്. മേഖല വിട്ട് പുറത്തുപോയി ജോലിയെടുക്കാൻ പോലും കഴിയണമെങ്കിൽ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. 
ചികിത്സക്കും കേസ് നടത്തിപ്പിനും പണമില്ലാതെ വലയുകയാണ്. 
എന്നിട്ടും ഒറ്റപ്പെട്ട പ്രവർത്തകരെ മാത്രമാണ് തിരിച്ചുകൊണ്ടുപോകാൻ സി.പി.എമ്മിന് കഴിഞ്ഞതെന്ന് ആർ.എം.പി പറയുന്നു.

Latest News