ഇക്കാ എന്നു വിളിക്കുന്ന വിഐപി ശരത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി-നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെയാണ് ശരത്ത് കളമശേരിയലെ ക്രൈംബ്രാഞ്ച് എസ് പി ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ ആറു മണിക്കൂര്‍ നീണ്ടു.
'വിഐപി' എന്ന് ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ച ശരത്ത് ക്രൈംബ്രാഞ്ചിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നതല്ലാതെ വഴിവിട്ട ഒന്നും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല.  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല. തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് അന്വേഷണസംഘത്തോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി ബൈജു പൗലോസിന്റെ സംഘവും ശരത്തിനെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ വീട്ടിലെത്തി പീഡന ദൃശ്യങ്ങളടങ്ങിയ ടാബ് ദിലീപിന് കൈമാറിയതും ഒരുമിച്ചിരുന്ന് ദൃശ്യങ്ങള്‍ കണ്ടതും ശരത് എന്നും ഇക്കാ എന്നും വിളിക്കുന്ന ഒരു വി ഐ പിയാണെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നത്. ശരത്തിനെ ആദ്യഘട്ടത്തില്‍ തിരിച്ചറിയാതിരുന്ന ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസമാണ് ഇത് ശരത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഇക്കാര്യം സ്ഥിരീകരിക്കാന്‍ ശരത്തിനെയും ബാലചന്ദ്രകുമാറിനെയും നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

 

Latest News