പോക്‌സോ കേസ് പ്രതി ജീവനൊടുക്കി, സുഹൃത്തിനെതിരെ കുടുംബം

കൊച്ചി- പോക്സോ കേസ് പ്രതിയുടെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കുടുംബം. കടവന്ത്ര സ്വദേശിയായ അജിത്തിന്റെ ആത്മഹത്യയില്‍ സുഹൃത്തിനും കുടുംബത്തിനുമെതിരേ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കടവന്ത്ര പോലീസ് സ്റ്റേഷന് മുന്നിലാണ് വീട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ഇന്നലെ രാത്രിയാണ് കടവന്ത്ര സ്വദേശിയായ അജിത്ത് ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബംഗളൂരൂവില്‍ സൈക്കോളജി വിദ്യാര്‍ഥിയാണ് അജിത്ത്. പോക്‌സോ കേസ് പ്രതിയായ അജിത്ത് രണ്ടാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് അജിത്ത് ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

തന്റെ മരണത്തിന് കാരണം കുടുംബമല്ലെന്നും സുഹൃത്തും സുഹൃത്തിന്റെ കുടുംബവുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സുഹൃത്തും മറ്റുചിലരും ചേര്‍ന്നുണ്ടാക്കിയ വ്യാജ കേസാണെന്നും അജിത്തിനെ പോക്‌സോ കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് ആരോപണം. സുഹൃത്തും അച്ഛനും ചേര്‍ന്ന് മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

 

Latest News