ഗുവാഹതി - അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള അന്തര്‍സംസ്ഥാന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള കരാറില്‍ അസമിലെയും മേഘാലയത്തിലെയും മുഖ്യമന്ത്രിമാര്‍ ചൊവ്വാഴ്ച ഒപ്പുവച്ചു. ന്യൂദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.
2014 മുതല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സമാധാനത്തിനും വികസനത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഷാ പറഞ്ഞു. 'ഇത് വടക്കുകിഴക്കന്‍ സംസ്ഥാനത്തിന് ചരിത്രപരമായ ദിവസമാണ്- ഷാ പറഞ്ഞു.
'കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ഞാന്‍ മേഘാലയയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണുകയും ഈ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ആസാമും മേഘാലയയും തമ്മിലുള്ള കരാര്‍ കൈവരിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.