Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാത്മാക്കളും ബഫർ സോണും

അള മുട്ടിയാൽ ചേരയും കടിക്കും. കൊക്കിൽ ജീവനുണ്ടെങ്കിൽ വെയിലത്ത് ഇറങ്ങാൻ പത്തുവട്ടം ആലോചിക്കുന്നവരാണ് മുൻ ദേശീയ പാർട്ടി നേതാക്കൾ. 'സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങൾക്കു പകരം തങ്ങൾ ജയിലിൽ പോകുമെന്നാണ് സതീശനാശാന്റെ പ്രഖ്യാപനം. അങ്ങനെ 'ബിനാമി'യായി ഇരുമ്പഴികൾക്കുള്ളിൽ എത്താൻ ഇന്ത്യയിൽ വകുപ്പുണ്ടോ എന്നറിയില്ല. കഴിഞ്ഞാൽ രക്ഷപ്പെട്ടു. മൂന്നു നേരം ആഹാരവും മൂട്ടകടിയും സൗജന്യം. മുൻ ഗ്രീൻ എമ്മെല്ലേ ബലറാമിന്റെ പോസ്റ്റുകളും ഒന്നിനൊന്നു ഗംഭീരമാക്കുന്നുണ്ട്. ആവേശം മൂത്തു പിൻവലിക്കേണ്ടി വരാതെ സൂക്ഷിച്ചാൽ മാത്രം മതി. ശ്രീലങ്കയിലെ സർക്കാർ 'കടമെടുപ്പിന്റെ കമാണ്ടർ'മാരാണെന്നാണ് ബലറാമിന്റെ പക്ഷം. കടുത്ത ദാരിദ്ര്യമാണവിടെ. ടൂറിസം കൊണ്ടു മാത്രമാണ് അത്താഴക്കഞ്ഞി മുട്ടാതെ കഴിയുന്നത്. അവരെ പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തണോ? ഇവിടെ സർവതും 'ഫ്രീ'യാണ്. ഒരിക്കൽ നിയമസഭയിൽ കയറിയിരുന്നവർക്ക് ആ ജീവനാന്തം പെൻഷൻ കിടയ്ക്കും. ലങ്കയിൽ ആനപ്പുറത്തു കയറി സഞ്ചരിച്ചു 'വിനോദി'ക്കുന്നതിന് അരമണിക്കൂറിന് അന്നാട്ടിലെ മൂവായിരം രൂപയാണ് ഫീസ്. കുതിരപ്പുറത്തു കയറിയാലും തലൈവ. ആന പിണങ്ങുംവരെ വിനോദ സഞ്ചാരം രസകരം തന്നെ. വിരണ്ടാൽ സഞ്ചാരം പരലോകത്തേക്കാകാനും മതി. നമ്മുടെ വി.ടി. ബലരാമൻ അതൊന്നും ആലോചിച്ചിരിക്കില്ല. നമ്മുടെ നിയമസഭ എവിടെ, അവരുടെ ആനപ്പുറം എവിടെ? ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്നവരെ കളിയാക്കുന്നത് പാപമാണ്. കേരള സർക്കാരിനെ കളിയാക്കുന്നതോ, ആനമണ്ടത്തരവും!
കെ.റെയിൽ സമരത്തിൽ റോഡിലിറങ്ങി ഏറെയൊന്നും പയറ്റാത്തതിന് സുധാകര ഗുരുവിനെ അഭിനന്ദിക്കണം. സ്വന്തം പാർട്ടിയുടെ ഒരു വാർഡ് കമ്മിറ്റി പോലും സംഘടിപ്പിക്കുവാനുള്ള ശേഷി ഇനിയും ആ ശരീരത്തിനു കൈവന്നിട്ടില്ല. ഇപ്പോൾ അദ്ദേഹം ചരിത്ര പഠനത്തിലാണ്. മാർച്ച് മാസം പരീക്ഷാക്കാലമാണല്ലോ. ഹിസ്റ്ററി പേപ്പറിന് പാസ്മാർക്ക് കിട്ടുന്നതു നേട്ടം തന്നെ. ദില്ലിയിലെ മാഡത്തിന് നമ്മുടെ ഹിസ്റ്ററി വശമില്ലാത്തതും രക്ഷയായി. സുധാകര ഗുരു റെയിൽ വിരുദ്ധ സമരത്തിന് അനുഗ്രഹ പ്രഭാഷണം നടത്തിയപ്പോൾ, 1930 മാർച്ച് 12ന് ഗാന്ധിജി നയിച്ച ഉപ്പു സത്യഗ്രഹം എടുത്തൊന്നു വീശിയതു കണ്ട് കാണികളും ശ്രോതാക്കളും കോരിത്തരിച്ചു. അതേ, അതൊരു അടവാണ്. കളരിയും മർമവും അറിയുന്നവർക്കേ അതിന്റെ ഗുണമറിയൂ. നിയമം നിഷേധിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്നു ചുമ്മാതെ വിരട്ടിയതാണ് വെള്ളക്കാർ. ഗാന്ധിയും കൂട്ടരും കടലിൽനിന്നു തന്നെ വെള്ളമെടുത്തു കുറുക്കി സ്വന്തമായി ഉപ്പുണ്ടാക്കി കൈയിൽ വെച്ചു കൊടുത്തു. ആംഗല വംശം അങ്ങനെയൊരു മാജിക് മുമ്പു കണ്ടിരുന്നില്ല. ഏതായാലും വർഷാവസാന പരീക്ഷകളും സിൽവർ ലൈൻ സർവേക്കല്ലു വിരുദ്ധ സമരവും ഗാന്ധിജിയുടെ ഉപ്പു സത്യഗ്രഹ മാസത്തിൽ ഒത്തുവന്നതു നന്നായി. സുധാകര ഗുരു കൈയിൽ ഒരു ദണ്ഡുമായി കണ്ണൂർ- ടൂ- പാറശാല യാത്ര നടത്തുന്നതിലും തെറ്റില്ല. പാവപ്പെട്ട ജനങ്ങളുടെ അടുക്കളയിൽ വരെ കയറി അതർത്തിക്കല്ലിടുന്ന കശ്മലന്മാർക്കെതിരെ ദണ്ഡെടുക്കാൻ ഗുരുവല്ലാതെ ആരാണ് യോഗ്യൻ? സതീശനാശാനും നിർബന്ധമാണേൽ ആകാം. ഒന്നിലധികം മഹാത്മാക്കളുണ്ടാകുന്നതുകൊണ്ട് കോൺഗ്രസിന് ഇനിയൊരു ക്ഷീണവും ഉണ്ടാകാനില്ല. 'നെയ്യ് അൽപം കൂടിയെന്നു കരുതി ഉണ്ണിയപ്പത്തിനു ദോഷമൊന്നും ഉണ്ടാകില്ല' എന്നു പഴയ പല്ലവിയുണ്ടല്ലോ. തെക്കും വടക്കും അറിയാത്ത കുറെ കോൺഗ്രസുകാർ സമരം നടത്തുന്നുവെന്നാണല്ലോ ഇ.പി. ജയരാജൻ സഖാവിന്റെ ആക്ഷേപം. കിഴക്കും പടിഞ്ഞാറും നിന്നു രണ്ടു മഹാത്മാക്കൾ കൂടി ഇറങ്ങട്ടെ. നാലു അത്യുന്നതന്മാർ കേരളം ഇളക്കി മറിക്കട്ടെ, കല്ലുകൾ പിഴുതെറിയട്ടെ. പക്ഷേ, മഹാത്മാക്കളുടെ എണ്ണം പെരുകാതെ നോക്കണം. തമ്മിലടി തുടങ്ങാൻ പിന്നെ ഏറെ നേരം വേണ്ടിവരില്ല എന്നതാണ് ചരിത്രപരമായ യാഥാർഥ്യം.
****                                          ****                               ****
ജി-23, ബഫർ സോൺ എന്നിവ തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ സി.എസ്.ഐ.ആറിന്റെ ഹൈദരാബാദിലെ സെന്ററിലേക്ക് ഗവേഷണത്തിന് അയക്കേണ്ട. ജി എന്നാൽ പതിവു ഗ്രൂപ്പ് തന്നെ. 23 ആകെയുള്ള ദുഷ്ടന്മാർ. അവർ കാരണം മാഡത്തിനും മക്കൾക്കും സൈ്വരമില്ല. രണ്ടു പേർ കൊഴിഞ്ഞു പോയി- ഒന്ന് ബി.ജെ.പിയിലേക്ക്. മറ്റൊന്ന് തൃണമൂലായി. അവശേഷിക്കുന്ന 21 ൽ ഗുലാം നബി ആസാദിനെയോ ആനന്ദ് ശർമയയോ പിടിച്ച് രാജ്യസഭയുടെ കുപ്പിയിലേക്കിടും. കിടന്നു തുടിക്കാൻ അസാരം ജലവും. അക്കാര്യത്തിൽ നറുക്കു വീണത് ആസാദിനാണ്. പരിചയ സമ്പന്നൻ. കെ.വി. തോമസിനെ വെല്ലുന്ന മെയ്‌വഴക്കം. ഇന്ദിരാകുടുംബത്തിന്റെ ഇഷ്ട തോഴൻ.  അവശേഷിക്കുന്നത് ഇപ്പോൾ ഇരുപതു മാത്രം. അതായത് 'കൗണ്ട് ഡൗൺ' തുടങ്ങി. പാർലമെന്റ് സമിതി, ഉപദേശക സമിതി, തെരഞ്ഞെടുപ്പു സമിതി, സാമ്പത്തിക സമിതി തുടങ്ങി വിവിധ സംഘടനാ കമ്മിറ്റികളിൽ കയറ്റി നാലുപാടും വിക്ഷേപിക്കും. ജി-23 ന്റെ പൊടിപോലും പിന്നെ ശേഷിക്കില്ല. വർക്കിംഗ് പ്രസിഡന്റുമാർ എന്നൊരു മുന്തിയ ഇനം മരുന്നുകൂടി 'ബൂസ്റ്റർ ഡോസ്' നൽകുന്നതോടെ തിരുത്തൽവാദം ദില്ലിയിൽ നിന്നും ഗംഗ, ഗോദാവരി, കാവേരി, പമ്പാനദികൾ കടക്കും. രാഹുലിനെ കളി പഠിപ്പിക്കാൻ വരണ്ട. മാത്രമല്ല, മാഡം എല്ലാവരുടെയും ആവലാതികൾ കേൾക്കാൻ സദാ തയാറായി വീട്ടുമുറ്റത്തു തന്നെയുണ്ടാകും; ഇരുട്ടിയാൽ കൂട്ടിന് റാന്തൽ വിളക്കും. രാഹുലനും അതേ നയം തന്നെ. എന്നാൽ കെ.റെയിലിന്റെ എം.ഡിയുടെ പ്രസ്താവന ഇവിടെയും പ്രസക്തമാണ്- ബഫർ സോൺ ഉണ്ടാകും.
മമ്മിയും മക്കളും എത്തുന്നിടത്തും തങ്ങുന്നിത്തുമെല്ലാം പത്തു മീറ്റർ ചുറ്റളവിലാണ് തൽക്കാലം ഈ പുതിയ സോൺ. കോൺഗ്രസുകാർക്ക് അടുക്കാനോ, നുണ പറയാനോ, കൃഷിയിലൂടെ വിള കൊയ്യാനോ കഴിയില്ല. ഈ ബഫർസോൺ പണ്ടേ വേണമായിരുന്നു.
****                                             ****                                     ****
ഹൈദരാബാദിലെ സി.എസ്.ഐ.ആർ ഒരു സുപ്രധാന രേഖ പുറത്തുവിട്ടത് അസമയത്താണെന്നു തോന്നുന്നു. 'ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ'...  എന്ന സിനിമാ വചനം അവിടെയെങ്ങും എത്തിയിട്ടില്ല. മധ്യയൂറേഷ്യൻ ജനിതക ബന്ധമുള്ള രണ്ടു സമുദായങ്ങളെ അവരുടെ പഠനം എടുത്തുപറഞ്ഞു- നായരും ഈഴവരും. നമ്മുടെ ശ്രീലങ്ക വഴിയുള്ള ബന്ധത്തിൽ അഭിമാനിക്കുന്ന ഈഴവരും, ഗ്രീസിലെ യവനന്മാരുടെ പ്രതിഛായുണ്ടെന്ന് മള്ളൂർ വിശേഷിപ്പിച്ച നായന്മാരും പുതിയ തിയറി കേട്ടു ഞെട്ടിയിരിക്കണം. ആന്ധ്രയിലെ റെഡ്ഡി, വൈദിക ബ്രാഹ്മണർ, പഞ്ചാബിലെ ജാട്ട്, സിക്ക് തുടങ്ങിയവരെയൊന്നും മേൽപടി പഠനം വെറുതെ വിട്ടിട്ടില്ല. 'സ്വാതന്ത്ര്യം കിട്ടിയത് അർധരാത്രിയിൽ' ആയിപ്പോയതിന്റെ പ്രതിഫലമാണോ ഇതൊക്കെയെന്നും സംശയിക്കാം. ഈ കോവിഡ് ബാധിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വേരുകൾ ചികഞ്ഞിട്ടെന്തു ഗുണമാണ് എന്നു ചിന്തിക്കുന്നവരാണ് ഏറെയും!
****                                     ****                           ****
സമദൂര സിദ്ധാന്തം കൊണ്ടു പ്രയോജനമുണ്ടെന്ന് പെരുന്നയിലെ സുകുമാര നേതൃത്വം വീണ്ടും തെളിയിക്കാൻ പോകുന്നു. ഏറ്റവുമൊടുവിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മേൽപടി ദൂരത്തിന്റെ മറവിൽ 'ശരി ദൂരം' എടുത്തു പ്രയോഗിച്ചത് ആരും മറന്നിട്ടില്ല. മാന്യമായ കോൺഗ്രസ് നേതാവ് മോഹൻകുമാർ അവിടെ പപ്പടമായി.
ഇപ്പോൾ 'വിമോചന സമരത്തിനുള്ള പുറപ്പാടാ'ണെന്നു കോടിയേരി ഒരു മുഴം നീട്ടിയെറിഞ്ഞു. അതു പെരുന്നയിലെ പോപ്പിന്റെ കാലിൽ തടഞ്ഞു; വീണു. നന്നായി. കാളയെ 'വണ്ടിക്കാള'യാക്കും മുമ്പ് വേദനാ രഹിതമായി 'നിർഗുണ'നാക്കുന്ന ഒരു പരിപാടിയുണ്ട്. കോടിയേരി 'മൃഗചികിത്സാ ശാസ്ത്രം' പഠിച്ചിട്ടുണ്ടാകുമോ ആവോ!
 

Latest News