Sorry, you need to enable JavaScript to visit this website.

ചിതറയില്‍ അധ്യാപകരെ സമരക്കാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു; അസഭ്യവര്‍ഷം

കൊല്ലം- കേന്ദ്രത്തിന്റെ കണ്ണു തുറപ്പിക്കാന്‍ നടക്കുന്ന 48 മണിക്കൂര്‍ സമരത്തിനിടെ അധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷം. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെയാണ്  സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് കേട്ടാലറക്കുന്ന തെറികള്‍ പ്രയോഗിച്ചത്.  പിടിഎ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ 'കാണിച്ചുതരാമെന്ന്' ഷിബുലാല്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകര്‍ പറയുന്നു. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു.ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സമരത്തിന് സര്‍ക്കാര്‍ ഡയസ് നോണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യാപകര്‍ ജോലിക്ക് ഹാജരായത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പോലീസ് കേസെടുക്കും.
 

Latest News