മുസ്ലിം കച്ചവടക്കാരെ വിലക്കുന്നതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാക്കള്‍

ബെംഗളുരു- ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാരനെ അനുവദിക്കരുതെന്ന  കര്‍ണാടകയിലെ തീവ്രഹിന്ദുത്വ വാദികളുടെ പ്രചരണങ്ങള്‍ക്കെതിരെ രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ രംഗത്ത്. എംല്‍എസി ആയ എ എച് വിശ്വനാഥ്, അനില്‍ ബെനകെ എംഎല്‍എ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്. മുസ്ലിം കച്ചവടക്കാരെ തടയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നില്ലെന്നും മുന്‍ മന്ത്രിയും കന്നഡ എഴുത്തുകാരന്‍ കൂടിയായ വിശ്വനാഥ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം, എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ വേദികെ, ബജ്‌റംഗ് ദള്‍, ശ്രീ രാമ സേന എന്നീ ഹിന്ദുത്വ തീവ്രവാദ സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ഉഡുപ്പിയിലും ശിവമൊഗ്ഗയിലും മുസ്ലിം വ്യാപാരികള്‍ക്ക് ഉത്സവപറമ്പുകളില്‍ വ്യാപകമായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് സംസ്ഥാനത്ത് മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. 2002ലെ നിയമം ചൂണ്ടിക്കാട്ടി ബിജെപി സര്‍ക്കാര്‍ ഈ നീക്കത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. 

ലോകത്ത് പലരാജ്യങ്ങളിലും നിരവധി ഇന്ത്യക്കാരുണ്ട്. നിരവധി ഇന്ത്യക്കാര്‍ മുസ്ലിം രാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളൊക്കെ നമുക്കെതിരായാല്‍ ഇത് എവിടെ ചെന്ന് ആവസാനിക്കുമെന്നും വിശ്വനാഥ് ചോദിച്ചു. സംസ്ഥാനത്തെ കാര്യ വലിയ കഷ്ടമാണ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിക്കും. ഉപജീവന മാര്‍ഗമാണ് കച്ചവടം. ഉണ്ണാനും ഉടുക്കാനും വേണ്ടിയാണ് ജോലി ചെയ്യുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിലും മതത്തിലും ജാതിയിലുമെന്ത് കാര്യം- അദ്ദേഹം ചോദിച്ചു. 

മുസ്ലിം ജനസംഖ്യ ഏറെയുള്ള ബെലഗാവി നോര്‍ത്ത് മണ്ഡലം ബിജെപി എംഎല്‍എയാണ് അനില്‍ ബെനകെ. മുസ്ലിം കച്ചവടക്കാരെ വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് അനുവദിക്കില്ല. ചില കടകളില്‍ വാങ്ങൂ, ചില കടകളില്‍ നിന്ന് വാങ്ങരുത് എന്നുപറയുന്നത് തെറ്റാണ്. ഭരണഘടന പ്രകാരം എല്ലാവര്‍ക്കും തുല്യാവകാശമുണ്ടെന്നും മറാത്ത നേതാവ് ആയ ബെനകെ പറഞ്ഞു.
 

Latest News