മുംബൈ- രാജ്യത്തുടനീളം 64 ബാങ്കുകളിലെ മൂന്ന് കോടിയിലേറെ അക്കൗണ്ടുകളിലായി കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. ഏറ്റവും കൂടുതൽ തുകയുള്ളത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 1262 കോടി രൂപ. രണ്ടാം സ്ഥാനത്ത് രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കും. ഇവിടെ 1250 കോടി രൂപ കെട്ടിക്കിടക്കുന്നു. ബാക്കി വരുന്ന ദേശസാൽകൃത ബാങ്കുകളിലെല്ലാം കൂടി 7,040 കോടി രൂപയുമാണുള്ളത്. ഇത് വലിയ തുകയാണെങ്കിലും മൊത്തം ബാങ്കുകൾ കൈകാര്യം ചെയ്യുന്ന 100 ലക്ഷം കോടി രൂപയുടെ ചെറിയൊരു ഭാഗം മാത്രമെ ഇതു വരുന്നുളളൂ. സ്വകാര്യ മേഖലയിൽ ആക്‌സിസ്, എച്ച്.ഡി.എഫ്.സി, ഡി.സി.ബി, ഐ.സി.ഐ.സി.ഐ, ഇൻഡസിൻഡ്, കൊടാക് മഹീന്ദ്ര എന്നീ ബാങ്കുകളിലായി 824 കോടി രൂപയും കെട്ടിക്കിടക്കുന്നു. മറ്റു സ്വകാര്യ ബാങ്കുകളിലായി മറ്റൊരു 592 കോടി രൂപയും ഉണ്ട്്.
വെറുതെ കിടക്കുന്ന ഈ തുകയിലേറെയും മരിച്ച അക്കൗണ്ടു ഉടമകളുടേതൊ അല്ലെങ്കിൽ ഒന്നിലേറെ അക്കൗണ്ടുകളുള്ളവരുടേതോ ആയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഇത് കണക്കിൽപ്പെടാത്ത, ബിനാമി നിക്ഷേപമാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ബാംഗ്ലൂർ ഐഐഎം മുൻ ആർബിഐ ചെയർ പ്രൊഫസർ ചരൺ സിങ് പറയുന്നു.
1949ലെ ബാങ്കിങ് നിയന്ത്രണ നിയമം അനുസരിച്ച് ബാങ്കുകളെല്ലാം 10 വർഷത്തോളം പ്രവർത്തിക്കാതെ കിടക്കുന്ന അക്കൗണ്ടുകളുടെ വിവരം എല്ലാ വർഷവും ആർ ബി ഐക്കു നൽകണം. ഈ വിവരങ്ങളിൽ നിന്നാണ് ഇത്രയും തുക ബാങ്കുകളിൽ കെട്ടിക്കിടക്കുന്നതായി പറയുന്നത്. അതേസമയം ബാങ്കിങ് നിയമപ്രകാരം ഈ തുക നിയമപരമായി അർഹതയുള്ള അക്കൗണ്ട് ഉടമകൾക്കോ അവരുടെ അവകാശികൾക്കോ അവർ ആവശ്യപ്പെടുന്ന പക്ഷം തിരിച്ചു നൽകേണ്ടതുമാണ്.
നിശ്ചല അക്കൗണ്ടുകളിലെ ഈ തുക ബാങ്കിങ് നിയമപ്രകാരം രൂപീകരിക്കപ്പെട്ട ഡെപ്പോസിറ്റർ എജുക്കേഷൻ ആന്റ് അവയർനെസ് ഫണ്ട് എന്ന ഗണത്തിലുൾപ്പെടുത്തിയാണ് ബാങ്കുകൾ സൂക്ഷിക്കുന്നത്.