VIDEO-റിയാദില്‍ നായ്ക്കുട്ടിയെ വാലില്‍ തൂക്കി റോഡില്‍ അടിച്ചു, പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

റിയാദ് ലെബൻ ഡിസ്ട്രിക്ടിൽ യുവാവ് നായ്ക്കുട്ടിയെ വാലിൽ പിടിച്ചുവെച്ച് ചെരിപ്പൂരി അടിക്കുന്നു.

റിയാദ് - തലസ്ഥാന നഗരിയിലെ ലെബൻ ഡിസ്ട്രിക്ടിൽ യുവാവ് നായ്ക്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിൽ സാമൂഹിക മാധ്യമ ഉപയോക്താക്കൾ കടുത്ത രോഷം പ്രകടിപ്പിച്ചു. കാറിൽ നായ്ക്കുട്ടിയെയുമായി എത്തിയ യുവാവ് ലെബൻ ഡിസ്ട്രിക്ടിലെ മെയിൻ റോഡിൽ കാർ നിർത്തി നായ്ക്കുട്ടിയെ വാലിൽ തൂക്കിയെടുത്ത് റോഡിൽ അടിക്കുകയും ചെരിപ്പ് ഊരി തലങ്ങും വിലങ്ങും അടിക്കുകയുമായിരുന്നു. ശേഷം നായ്ക്കുട്ടിയെ വാലിൽ തൂക്കിയെടുത്ത് യുവാവ് റോഡിൽ നിന്ന് നടന്നുമറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സമീപത്തെ കെട്ടിടത്തിലെ താമസക്കാരിൽ ഒരാളാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. യുവാവ് നായ്ക്കുട്ടിയുമായി റോഡിൽ നിന്ന് നടന്നുമറയുന്നതു വരെയുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

സംഭവത്തിൽ കുറ്റക്കാരനായ യുവാവിനെതിരെ ഏറ്റവും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. സൗദി അറേബ്യയിൽ മൃഗങ്ങളോട് മോശമായി പെരുമാറുന്ന കേസുകളുടെ വർധന, ഗൾഫ് മൃഗക്ഷേമ നിയമത്തിന് അനുസൃതമായി മൃഗങ്ങളെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് വിരുദ്ധമാണെന്ന് റഹ്മ സൊസൈറ്റി ഫോർ അനിമൽ വെൽഫെയർ പറഞ്ഞു. നായ്ക്കുട്ടിയെ പീഡിപ്പിച്ച യുവാവിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സൊസൈറ്റിയും ആവശ്യപ്പെട്ടു.

 

Latest News