ന്യൂദല്‍ഹി- ഹിന്ദുക്കള്‍ ഉള്‍പ്പടെ ഏത് മത, ഭാഷാ വിഭാഗത്തില്‍ പെട്ടവരെയും അതാതു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പത്തു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും എന്നാല്‍ അവര്‍ക്ക് മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് മറുപടി നല്‍കിയത്. ഹിന്ദു, ജൂത, ബഹായ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് അതാതു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും നടത്തിപ്പു നിര്‍വഹിക്കുകയും ചെയ്യാം. പ്രസ്തുത സംസ്ഥാനങ്ങളില്‍ അവര്‍ ന്യൂനപക്ഷം ആണെങ്കില്‍ അതാതു സംസ്ഥാനങ്ങളില്‍ അക്കാര്യം പ്രഖ്യാപിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ രണ്ട് (എഫ്) വകുപ്പ് കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന എന്ന ഹരജിയിലെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്ക മേഖലയിലെ കുട്ടികള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. അത് ന്യൂനപക്ഷ സമുദായത്തിലെ തന്നെ എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ 2(എഫ്) വകുപ്പിനെയും അശ്വിനി കുമാര്‍ ഉപാധ്യായ എതിര്‍ത്തു. വകുപ്പ് ന്യൂനപക്ഷ നിര്‍ണയത്തില്‍ ഉള്‍പ്പടെ പല കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. നിയമത്തിലെ ഈ വകുപ്പ് ന്യൂനപക്ഷ വിഭാഗങ്ങളെ കണ്ടെത്താനും വിജ്ഞാപനം ചെയ്യാനും കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ്.
എന്നാല്‍, അതാതു സംസ്ഥാനങ്ങളിലെ മതപരമായും ഭാഷാപരമായും ന്യൂനപക്ഷമുള്ള വിഭാഗങ്ങളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു അധികാരം ഉണ്ടെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂത സമുദായത്തെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഉര്‍ദു, തെലുങ്ക്, തമിവ്, മലയാളം, മറാത്തി, തുളു, ലമാനി, ഹിന്ദി, കൊങ്കണി, ഗുജറാത്തി ഭാഷകള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ഭാഷയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ലക്ഷദ്വീപ്, ലഡാക്ക്, മിസോറാം, കശ്മീര്‍, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദു, ജൂത, ബഹായ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അനുമതിയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കു മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടന ലംഘനമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.






