ന്യൂദല്‍ഹി- പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെ പ്രതിപക്ഷ നേതാവും പിഎംഎല്‍-എന്‍ പ്രസിഡന്റുമായ ഷഹ്ബാസ് ശരീഫ് ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു.
അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയുള്ള പ്രമേയമാണ് ശരീഫ് ആദ്യം അവതരിപ്പിച്ചത്. ഇത് 161 വോട്ടുകള്‍ക്ക് ദേശീയ അസംബ്ലി അംഗീകരിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രിയെ അധികാരത്തില്‍നിന്ന് പുറന്തള്ളാനുള്ള ഭരണഘടനാ നടപടിക്രമത്തിന്റെ ആദ്യ ഘട്ടമായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ദേശീയ അസംബ്ലി നിര്‍ത്തിവച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനം മാര്‍ച്ച് 31 ന് നിശ്ചയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി പറഞ്ഞു. മാര്‍ച്ച് 31 നാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കരുതുന്നു.
പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ രാഷ്ട്രീയം തിളച്ചുമറിയുകയാണ്.
സര്‍ക്കാരിനെ താഴെയിറക്കാന്‍ 342 അംഗ സഭയില്‍ 172 അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം ശ്രമം പരാജയപ്പെടുത്താന്‍ ആവശ്യമായ പിന്തുണ സഭയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.






