ജീവനില്‍ കൊതിയുണ്ട്, ബുള്‍ഡോസര്‍ ബാബയെ ഭയന്ന് 50 ലേറെ കുറ്റവാളികള്‍ കീഴടങ്ങി

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ രണ്ടാമൂഴം ആരംഭിച്ചിരിക്കെ, രണ്ടാഴ്ചയ്ക്കിടെ അമ്പതിലധികം ക്രിമിനലുകള്‍ പോലീസില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്.
സംസ്ഥാനത്തുടനീളം നിരവധി അനധികൃത കയ്യേറ്റങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തതായും പറയുന്നു.
കഴിഞ്ഞ  ഭരണത്തില്‍ സംസ്ഥാനത്തെ ക്രിമിനലുകളുടെയും മാഫിയകളുടെയും അനധികൃത സ്വത്ത് നശിപ്പിക്കാന്‍ ബുള്‍ഡോസറുകള്‍ വിന്യസിച്ചതിനെത്തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യോഗിയെ  'ബുള്‍ഡോസര്‍ ബാബ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.  
യോഗി ആദിത്യനാഥിന്റെ 'ബുള്‍ഡോസര്‍ ബാബ' ചിത്രം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമായെന്നാണ് വിലയിരുത്തുന്നത്.  

'ഞാന്‍ കീഴടങ്ങുകയാണ്, ദയവായി എന്നെ വെടിവയ്ക്കരുത് എന്ന സന്ദേശം എഴുതിയ പ്ലക്കാര്‍ഡുകള്‍ കഴുത്തില്‍ തൂക്കി പോലീസ് സ്‌റ്റേഷനുകളിലേക്ക് നടക്കുന്ന കുറ്റവാളികളുടെ ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

രണ്ടാഴ്ചയ്ക്കിടെ 50ലധികം കുറ്റവാളികള്‍ കീഴടങ്ങുക മാത്രമല്ല, അവര്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുമുണ്ടെന്ന് എ.ഡി.ജി.പി  പ്രശാന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
രണ്ട് ക്രിമിനലുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും നിരവധി പേരെ ഇക്കാലയളവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു. കുറ്റവാളികളോടും മാഫിയകളോടും മൃദുസമീപനം കാണിക്കരുതെന്ന് വ്യക്തമായ നിര്‍ദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അനധികൃത സ്വത്തുക്കള്‍ പൊളിക്കുന്നതിനുമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബുള്‍ഡോസര്‍ വിന്യസിച്ചു വരികയാണ്.
നിരവധി തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായ ഗൗതം സിംഗ് മാര്‍ച്ച് 15 ന് ഗോണ്ട ജില്ലയിലെ ഛപ്ല പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതിനെ തുടര്‍ന്നാണ് കുറ്റവാളികള്‍ക്കിടയില്‍ ബുള്‍ഡോസറുകളെക്കുറിച്ച് ഭയം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News