പൊള്ളലേറ്റ സ്ത്രീ മരിച്ചു, ബിര്‍ഭം അക്രമത്തില്‍ മരണം ഒമ്പതായി

കൊല്‍ക്കത്ത- ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സ്ത്രീ കൂടി മരിച്ചതോടെ പശ്ചിമ ബംഗാളിലെ  ബിര്‍ഭം അക്രമ സംഭവത്തില്‍ മരണസംഖ്യ ഒമ്പതായി ഉയര്‍ന്നു.
കഴിഞ്ഞയാഴ്ച ബിര്‍ഭം ജില്ലയിലെ ബോഗ്തുയി ഗ്രാമത്തില്‍ നടന്ന പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ നജേമ ബീബിയാണ് ആശുപത്രിയില്‍ മരിച്ചത്. ഇവര്‍ക്ക്  ് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അക്രമത്തില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്.
ഒരു ആണ്‍കുട്ടിയടക്കം മൂന്ന് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
നജേമ ബീബിയുടെ നില ഗുരുതരമായതിനാല്‍ ബിര്‍ഭും അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐക്ക് അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ശനിയാഴ്ച സ്ഥലത്തെത്തി അന്വേഷണച്ചുമതല ഏറ്റെടുത്തു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏപ്രില്‍ ഏഴു വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.
ഞായറാഴ്ച അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനാറുള്‍ ഹുസൈനെയും മറ്റ് പ്രതികളെയും സിബിഐ സംഘം ചോദ്യം ചെയ്തു.
മാര്‍ച്ച് 21 ന് രാംപൂര്‍ഹാട്ടിലെ ബോഗ്തുയ് ഗ്രാമത്തില്‍ ജനക്കൂട്ടം  പെട്രോള്‍ ബോംബ് ഉപയോഗിച്ച് വീടുകള്‍ക്ക് തീയിടുകയായിരുന്നു.  തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് നേതാവ് ഭാദു ഷെയ്ഖിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കൂട്ടക്കൊലയെന്ന് സംശയിക്കുന്നു.

 

Latest News