മക്ക - ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സായുധ കവര്‍ച്ച എന്നീ കേസുകളില്‍ പ്രതികളായ നാലു പേര്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൂന്നു യുവതികളെ ബലാത്സംഗം ചെയ്യുകയും ഇവരുടെ പക്കലുണ്ടായിരുന്ന പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും മറ്റൊരാളുടെ കാറില്‍ തന്റെ കാര്‍ ഉപയോഗിച്ച് കരുതിക്കൂട്ടി കൂട്ടിയിടിച്ച് പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയും ഹഷീഷും ലഹരി ഗുളികകളും ഉപയോഗിക്കുകയും ചെയ്ത കേസിലെ പ്രതിയായ സൗദി പൗരന്‍ സിയാദ് ബിന്‍ അഹ്മദ് ബിന്‍ ലാഫി അല്‍ഹര്‍ബിക്ക് മക്ക പ്രവിശ്യയിലാണ് ശശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്ത ഈജിപ്തുകാരന്‍ ഇസ്‌ലാം മുഹമ്മദ് അബുല്‍ഫത്തൂഹ് മഹ്മൂദിന് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലും വധശിക്ഷ നടപ്പാക്കി. പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി രണ്ടു ബാലന്മാരെ അനുനയത്തില്‍ തന്റെ കെണിയില്‍ വീഴ്ത്തുകയും ചെയ്തിരുന്നു.
ബലാത്സംഗം ചെയ്യുകയും മറ്റുള്ളവരുമായി ചേര്‍ന്ന് വീടുകളില്‍ കവര്‍ച്ചകള്‍ നടത്തുകയും ഹെറോയിനും ഹഷീഷും ഉപയോഗിക്കുകയും ചെയ്ത രണ്ടു സൗദി പൗരന്മാര്‍ക്കും ദമാമില്‍ വധശിക്ഷ നടപ്പാക്കി. പ്രതികളായ ബന്ദര്‍ ബിന്‍ ഫൗസി അല്‍ദോസരി, അബ്ദുല്ല ബിന്‍ സഅദ് റബീഅ എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.