Sorry, you need to enable JavaScript to visit this website.

മുസ്ലിം ദരിദ്രന് മന്ത്രി പദവി; മോഡിയും യോഗിയും നല്‍കിയത് കനത്ത അടിയെന്ന് ഡാനിഷ് അന്‍സാരി

ന്യൂദല്‍ഹി- ദരിദ്ര, മുസ്ലിം നെയ്ത്തുകാരന്‍ കുടുംബത്തില്‍നിന്നുള്ള തനിക്ക് യു.പി മന്ത്രിസഭയില്‍ ഇടം നല്‍കിയതിലൂടെ ബി.ജെ.പിയെ മുസ്ലിം വിരുദ്ധ പാര്‍ട്ടിയെന്ന് കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രധാനമന്ത്രി മോഡിയും മുഖ്യമന്ത്രി യോഗിയും കനത്ത അടിയാണ് നല്‍കിയിരിക്കുന്നതെന്ന് യു.പിയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി.

ബി.ജെ.പി മുസ്ലിം വിരുദ്ധമാണെന്നത് വെറും ആരോപണം മാത്രമാണ്.  അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മുസ്‌ലിംകള്‍ക്കിടയില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന്  അന്‍സാരി പറഞ്ഞു.

മുസ്ലിംകള്‍ക്ക് നന്മ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അത് മോഡിജിയും യോഗിജിയും മാത്രമാണ്.  ആയുഷ്മാന്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന, റേഷന്‍ വിതരണം എന്നിങ്ങനെ വിവിധ പദ്ധതികളുടെ പ്രയോജനം മുസ്ലീങ്ങളിലേക്കും വന്‍തോതില്‍ എത്തുന്നുണ്ട്. മുസ്ലീമായതിനാല്‍ ഒരാള്‍ക്ക് പദ്ധതികള്‍ നിഷേധിക്കപ്പെട്ടതായി പരാതികളൊന്നും കേട്ടിട്ടില്ല- അന്‍സാരി പറഞ്ഞു.
മീറത്ത് മുതല്‍ ബലിയ വരെ വിവേചനരഹിതമായ വികസന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മുസ്ലീങ്ങളുടെ കണ്ണുതുറന്നിരിക്കയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.  എസ്പിയുടെയും ബിഎസ്പിയുടെയും കോണ്‍ഗ്രസിന്റെയും കള്ളത്തരങ്ങള്‍ തകര്‍ന്നിരിക്കയാണ്. മോഡിജിയും യോഗിജിയും മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.
തന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും തന്നെപ്പോലുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന് ക്യാബിനറ്റ് മന്ത്രിയെന്ന നിലയില്‍ ഇത്രയും വലിയ ഉത്തരവാദിത്തം നല്‍കിയതിനും പ്രധാനമന്ത്രി മോഡിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിനും അന്‍സാരി നന്ദി പറഞ്ഞു.

 

Latest News