ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയില്‍ മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആഘോഷിച്ച ബാബര്‍ എന്ന യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
വധഭീഷണി സംബന്ധിച്ച് യുവാവ് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വരുണ്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 21 ന് കേസ് രജിസ്റ്റര്‍ ചെയ്തതായും മാര്‍ച്ച് 25 ന് യുവാവ് മരിച്ചതിനുശേഷമാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.
മുസ്ലിം യുവാവിന്റെ കൊലപാതകത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപലപിച്ചു. മരിച്ചയാളുടെ കുടുംബത്തെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.






