ഇസ്രായേലില്‍ രണ്ടു പോലീസുകാരെ വെടിവെച്ചു കൊന്നു, ഐ.എസ് ഏറ്റെടുത്തു

ജറുസലേം- ഇസ്രായേലില്‍ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ ഐ.എസ് ആക്രമണത്തില്‍ കൊലപ്പെട്ടത്.
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയും മൂന്ന് അറബ് വിദേശകാര്യ മന്ത്രിമാരും ഉച്ചകോടിക്കായി ഇസ്രായേലില്‍ എത്തിയപ്പോഴാണ് പ്രധാന  നഗരത്തില്‍ ഭീകരര്‍ പോലീസുകാരെ വെടിവെച്ചു കൊന്നത്. രണ്ട് അക്രമികളെ ഇസ്രായേല്‍ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ടെലിഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ഐ.എസ് ഏറ്റെടുത്തു.
തെല്‍ അവീവിന് 50 കിലോമീറ്റര്‍ വടക്ക് ഹദേരയില്‍ വെടിവെപ്പ് നടത്തിയ  രണ്ട് അക്രമികളും അറബ് പൗരന്മാരും ഐ.എസ് അനുഭാവികളുമാണെന്ന് ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 ഇസ്രായേലിലെ ഹദേരയില്‍ നടന്ന ഭീകരാക്രമണത്തെ അമരിക്ക അപലപിക്കുന്നതായി  യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ട്വിറ്ററില്‍ കുറിച്ചു. ഇത്തരം വിവേകശൂന്യമായ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സമൂഹത്തില്‍ സ്ഥാനമില്ല.  ഇസ്രായേലി പങ്കാളികള്‍ക്കൊപ്പം നിലകൊള്ളുമെന്ന് വ്യക്തമാക്കി അദ്ദേഹം ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.
തെക്കന്‍ ഇസ്രായേലിലുള്ള  ബീര്‍ഷെബ നഗരത്തില്‍ കത്തിക്കുത്തിലും  കാര്‍ ഇടിച്ചുകയറ്റിയും നടന്ന അക്രമത്തില്‍  നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം. ഇവിടെ അക്രമിയെ വഴിയാത്രക്കാരന്‍ വെടിവെച്ചുകൊന്നിരുന്നു.
ഹദേരയിലെ ഒരു പ്രധാന റോഡില്‍ രണ്ട് പേര്‍  റൈഫിളുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നത് ഇസ്രായേലി ടെലിവിഷന്‍ നിലയങ്ങള്‍ സംപ്രേക്ഷണം ചെയ്ത നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ കാണിച്ചു.

 

Latest News