Sorry, you need to enable JavaScript to visit this website.

ഗോരഖ്പൂർ തോൽവിക്ക് ന്യായീകരണ പ്രതിരോധവുമായി അമിത് ഷാ

ന്യൂദൽഹി- യു.പിയിലെ നാണം കെട്ട ഉപതെരഞ്ഞെടുപ്പു തോൽവിക്കു ശേഷം ആദ്യ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളിൽ മികച്ച സർക്കാരാണ് യുപിയിലേതെന്നും ഗോരഖ്പൂർ, ഫുൽഫൂർ ഉപതരെഞ്ഞെടുപ്പു പരാജയം സർക്കാരിന്റെ പ്രകടനം വിലയിരുത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ തെരഞ്ഞെടുപ്പു പരാജയം പാർട്ടി ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ഇതു ഇഴകീറി പരിശോധിക്കുമെന്നും സീ ന്യൂസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പരാജയത്തിന് പലകാരണങ്ങളുണ്ടാകാം. വോട്ടിങ് ശതമാനം വളരെ കുറവായിരുന്നു. എസ് പിയും ബിഎസ്പിയും ഒന്നിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.  അതേസമയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ് പിയും ബിഎസ്പിയും ഒന്നിച്ചു നിന്നാലും ബിജെപിക്ക് 50 ശതമാനത്തിലേറെ വോട്ടുപിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടു മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് പോയ കോൺഗ്രസ് ഈ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്നതിനെ അമിത് ഷാ പരിഹസിച്ചു. എല്ലാ സമാന മനസ്‌ക്കരേയും കൂട്ടുപിടിച്ച് കോൺഗ്രസ് നടത്തുന്ന നീക്കങ്ങൾ ബിജെപിയെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർട്ടികളും മോഡി സർക്കാരിനെ നേരിടാൻ വന്നിരിക്കുന്നു എന്നു കരുതേണ്ടി വരും. ജനപ്രിയ പദ്ധതികളുമായി എൻഡിഎ മുന്നണി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News