രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂട്ടുനില്‍ക്കരുത്, വഹാബിസമെന്ന മുദ്രകുത്തി നവോത്ഥാന മുന്നേറ്റത്തെ തടയാനാവില്ല

കോഴിക്കോട്- അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള നവോത്ഥാന മുന്നേറ്റത്തെ വഹാബിസമെന്ന് മുദ്ര ചാര്‍ത്തി തടയിടാമെന്നത് വ്യാമോഹമാണെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

കേരളീയ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികമായും വിശ്വാസപരമായും സാംസ്‌കാരികമായും പരിവര്‍ത്തിപ്പിച്ചെടുത്ത ഇസ്‌ലാഹീ പ്രസ്ഥാനം നടത്തുന്ന സാമൂഹ്യ നവോത്ഥാനത്തെ ദുരാരോപണങ്ങളിലൂടെ ചെറുക്കാനിറങ്ങിത്തിരിച്ചവര്‍ മുസ്‌ലിം സമുദയത്തോടും കേരളീയ സമൂഹത്തോടും കടുത്ത അപരാധമാണ് ചെയ്യുന്നത്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇത്തരം ദുരാരോപണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാവില്ല.

മത നിരാസ-നവ ലിബറല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കടന്നാക്രമിച്ചുകൊണ്ടിരിക്കെ അവരെ നേരിടാന്‍ കൂട്ടായ ശ്രമം അനിവാര്യമായ ഘട്ടത്തില്‍ മുസ്‌ലിം സമൂഹത്തെ സര്‍വതോന്‍മുഖമായി പരിവര്‍ത്തിപ്പിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ സമുദായത്തിന്റെ ശത്രുക്കളാണെന്ന് കെ.എന്‍.എം. വ്യക്തമാക്കി.

പ്രസിഡന്റ് ഡോ. ഇ.കെ. അഹ്മദ് കുട്ടി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം. അഹ്മദ് കുട്ടി മദനി, കെ. അബൂബക്കര്‍ മൗലവി, അഡ്വ. പി. മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest News