Sorry, you need to enable JavaScript to visit this website.

വിശദമായ ചോദ്യാവലി തയാര്‍, ദിലീപിനെ നാളെ ചോദ്യം ചെയ്യും, പിന്നാലെ കാവ്യാ മാധവന്‍

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ തിങ്കളാഴ്ച ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഹാക്കറായ സായ് ശങ്കറിന്റെ മൊഴികളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുള്ളത്.

ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്.  പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തതായും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. സായ്ശങ്കറും ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും സായ് ശങ്കര്‍ പൊലീസിനോട് സമ്മതിച്ചു. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കര്‍ മൊഴിനല്‍കിയിട്ടുണ്ട്. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ കാവ്യക്കും ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നാണ് വിവരം.

 

 

Latest News