കൊല്ലം- കെ.എസ്.ആര്‍.ടി.സി ബസില്‍ കോളേജ് വിദ്യാര്‍ഥികളുടെ പ്രണയസല്ലാപം അതിരുവിട്ടതോടെ ബസ് സ്‌റ്റേഷനിലേക്ക് വിട്ടു.
കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും അടുത്തടുത്ത സീറ്റിലിരുന്ന് മറ്റു യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കും വിധം പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തവരോട് ഇരുവരും തട്ടിക്കയറി. പ്രണയസല്ലാപം അതിരു കടന്നതോടെ സഹയാത്രക്കാര്‍ വിവരം കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടര്‍ ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് ചാത്തന്നൂര്‍ ഡിപ്പോയുമായി കണ്‍ട്രോള്‍ യൂണിറ്റ് ബന്ധപ്പെടുകയും ബസ് പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.തുടര്‍ന്ന് ബസ് ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇരുവരെയും പോലീസിന് കൈമാറി. വനിതാ കണ്ടക്ടറുടെ പരാതിയില്‍ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിന്റെ ട്രിപ്പ് മുടക്കിയതിനും ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കേസെടുത്ത ശേഷം പോലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും അവര്‍ക്കൊപ്പം വിടുകയും ചെയ്തു. പൊതുസ്ഥലത്ത് പെരുമാറേണ്ടതെങ്ങനെയെന്ന് കഌസ് എടുത്താണ് പോലീസ് ഇവരെ വിട്ടയച്ചത്.