മെഹ്ബൂബ മുഫ്തി പാക്കിസ്ഥാനു വേണ്ടി വാ തുറക്കുന്നത് ബി.ജെ.പി ചെയ്ത പാപം- ശിവസേന

മുംബൈ-കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനുമായും കശ്മീരി ജനതയുമായും ചര്‍ച്ച നടത്താതെ സമാധാനം പുലരില്ലെന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പി.ഡി.പി നേതാവ് മെഹ്ബൂബക്ക് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്താന്‍ കരുത്ത് നല്‍കിയത് ബി.ജെ.പിയാണെന്നും അവരുടെ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പിയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മെഹ്ബൂബയുടെ പാര്‍ട്ടി ഒരു കാലത്ത് ബി.ജെ.പിയുടെ സുഹൃത്തായിരുന്നുവെന്നും പി.ഡി.പി തുടക്കം മുതല്‍ തന്നെ പാക്കിസ്ഥാന് അനുകൂലമായിരുന്നുവെന്നും ശിവസേന എം.പി പറഞ്ഞു.
2015 ല്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിച്ച സഖ്യം 2018 ലാണ് തകര്‍ന്നത്.
കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനുമായും കശ്മീരി ജനതയുമായും ചര്‍ച്ച ആരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം മെഹ്ബൂബ മുഫ്തി ആവര്‍ത്തിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ പിന്തുണക്കുമ്പോള്‍ തന്നെയാണ് ബി.ജെ.പി അവരുവമായി സഖ്യത്തിലേര്‍പ്പെട്ടെതന്ന് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. ഇപ്പോള്‍ അതേ മെഹ്ബൂബ തന്നെയാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നത്.ബി.ജെ.പി ചെയ്ത പാപമാണിതെന്ന് ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തത്.

 

Latest News