മഥുര- മഥുരയിലെ കൃഷണ ക്ഷേത്രത്തിനു സമീപത്തുനിന്ന് ഷാഹി ഈദ്ഗാ മസ്ജിദ് മാറ്റണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാര്‍ക്ക് മഥുര കോടതി 250 രൂപ പിഴ ചുമത്തി.
സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി ജ്യോതി സിംഗിന്റേതാണ് നടപടിയെന്ന് സിവില്‍ എഡിജിസി സഞ്ജയ് ഗൗര്‍ പറഞ്ഞു.
ഹരജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റി വെക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ മഹേന്ദ്ര പ്രതാപ് സിംഗ് ആവശ്യപ്പെടുകയായിരുന്നു.
മസ്ജിദ് മാറ്റണമെന്ന അഞ്ച് ഹരജികളില്‍ വാദം നീട്ടിവെക്കണമെന്നാണ് കൃഷ്ണഭഗവാന്റെ അടുത്തയാളെന്ന് അവകാശപ്പെടുന്ന സിംഗ് ആവശ്യപ്പെട്ടിരുന്നത്. സ്വന്തം ഹരജിക്കുപുറമെ മറ്റു നാല് ഹരജികളിലും ഇദ്ദേഹം തന്നെയാണ് ഹാജരാകുന്നത്. ഒരു ഹരജി ക്ഷേത്രത്തിന്റെ പേരില്‍ തന്നെയാണ്. ക്ഷേത്രത്തിലെ വിഗ്രഹത്തെ ഒരാളായി കണക്കാക്കിയാണ് താന്‍ അടുത്ത സുഹൃത്താണെന്ന് അഭിഭാഷകന്‍ സിംഗ് അവകാശപ്പെടുന്നത്.
മഥുര ജഗന്നാഥപുരിയിലെ അഭിഭാഷകനായ രാജേന്ദ്ര മഹേശ്വരി, ദല്‍ഹി നിവാസിയായ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് സ്ഥാപകന്‍ ജയ് ഭഗവാന്‍ ഗോയല്‍, വൃന്ദാവനിലെ ധര്‍മ്മ രക്ഷാ സംഘം പ്രസിഡന്റ് സൗരഭ് ഗൗര്‍ എന്നിവരാണ് മറ്റ് മൂന്ന് ഹരജിക്കാര്‍.






