Sorry, you need to enable JavaScript to visit this website.

ഫോണ്‍ ചോദിച്ചുവരും, പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസിന്റെ മുന്നറിയിപ്പ്

കൊച്ചി-  പുതിയൊരു തട്ടിപ്പ് രീതിയെ കുറിച്ച്  മുന്നറിയിപ്പ് നല്‍കി കേരള പോലീസ്.  തൃശൂരിലെ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരിടണ്ടി വന്ന അനുഭവം ഫേസ് ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  അത്യാവശ്യമായി കോള്‍ ചെയ്യാന്‍ ഫോണ്‍ വേണമെന്ന നിലയില്‍ സമീപിച്ചുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നും ശ്രദ്ധ വേണമെന്നുമാണ് പോലീസ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

കേരള പോലീസിന്റെ കുറിപ്പ്  വായിക്കാം

തൃശൂരില്‍ നടന്ന ഒരു സംഭവം.
കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ബസ് സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കുകയായിരുന്നു.
മോളേ,
എന്റെ ഭാര്യ ഇവിടെ എത്താമെന്നു പറഞ്ഞിരുന്നു. അവള്‍ ഇതുവരേയും എത്തിയില്ല. വീട്ടില്‍ നിന്നും പുറപ്പെട്ടുവോ ആവോ? ആ മൊബൈല്‍ഫോണ്‍ ഒന്നു തരുമോ, ഒരു കോള്‍ വിളിക്കാനാണ്.
ഒരാള്‍, ആ പെണ്‍കുട്ടിയുടെ അടുത്തുവന്ന് ചോദിച്ചു.
അത്യാവശ്യകാര്യത്തിനല്ലേ എന്നു കരുതി, ആ പെണ്‍കുട്ടി തന്റെ ബാഗില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്ത്, അയാള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പെണ്‍കുട്ടിതന്നെ ഡയല്‍ ചെയ്തു. എന്നിട്ട് സംസാരിക്കുന്നതിനായി ഫോണ്‍ അയാള്‍ക്ക് കൈമാറി.
അയാള്‍ അത് ചെവിയോടു ചേര്‍ത്തു പിടിച്ചു. മൊബൈല്‍ഫോണിന് റേഞ്ച് കുറവാണെന്ന മട്ടില്‍ അയാള്‍ പെണ്‍കുട്ടി നിന്നിടത്തുനിന്നും അല്‍പ്പം നീങ്ങി നിന്നു സംസാരിക്കാന്‍ തുടങ്ങി.
മറുഭാഗത്തുനിന്നും സംസാരിക്കുന്നത് കേള്‍ക്കാനില്ലെന്ന മട്ടില്‍, അയാള്‍ ഉറക്കെ ഹലോ, ഹലോ എന്ന് സംസാരിക്കുകയും, പെണ്‍കുട്ടിയുടെ സമീപത്തുനിന്നും ദൂരെയ്ക്ക് മാറിപോകുകയും, ക്ഷണ നേരം കൊണ്ട് അയാള്‍ പെണ്‍കുട്ടിയുടെ കാഴ്ചയില്‍ നിന്നും മറഞ്ഞുപോകുകയും ചെയ്തു.
കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.
പെണ്‍കുട്ടി കരയുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്‍ കാണുകയുണ്ടായി. അവളുടെ അടുത്തേക്കു വന്ന് കാര്യങ്ങള്‍ തിരക്കി. പൊലീസുദ്യോഗസ്ഥന്‍ ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍ തന്നെ അത് നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുദ്യോഗസ്ഥരിലേക്കും കൈമാറി. നഗരത്തില്‍ കേരള ഗവര്‍ണറുടെ സന്ദര്‍ശനം കണക്കിലെടുത്ത്, കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
നഗരത്തില്‍ കുറുപ്പം റോഡ് ജംഗ്ഷനില്‍ ഡ്യൂട്ടിചെയ്തിരുന്ന ചേലക്കര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിദാസ്, തന്റെ മുന്നിലൂടെ ഒരാള്‍ നടന്നു പോകുന്നത് ശ്രദ്ധിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ച പ്രകാരമുള്ള രൂപസാദൃശ്യമുള്ളയാളാണ് ഇതെന്ന് പൊലീസുദ്യോഗസ്ഥന്‍ മനസ്സിലാക്കി.
അയാള്‍ നേരെ ഒരു മൊബൈല്‍ ഫോണ്‍ കടയിലേക്കാണ് കയറിപ്പോയത്. പെണ്‍കുട്ടിയെ കബളിപ്പിച്ച് കൈക്കലാക്കിയ മൊബൈല്‍ഫോണ്‍ അയാള്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. സിംകാര്‍ഡ് ഊരിമാറ്റി, സെക്കന്റ് ഹാന്റ് മൊബൈല്‍ വില്‍പ്പന നടത്തുന്ന കടയില്‍ കൊണ്ടുപോയി വില്‍ക്കുക എന്നതായിരുന്നു അയാളുടെ പ്ലാന്‍.
എന്നാല്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ ഇക്കാര്യം മനസ്സിലാക്കി, ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സമീപമുള്ള രണ്ടു മൂന്ന് മൊബൈല്‍ കടകളില്‍ ഇയാള്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു. സംശയം തോന്നി, അയാളെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
കണ്ടെടുത്ത മൊബൈല്‍ഫോണ്‍ പിന്നീട് ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിക്ക് കൈമാറി.

 

Latest News