സൗദിയിലെ ഹൂത്തി ആക്രമണം; ദുഃഖം പ്രകടിപ്പിച്ച് ഇസ്രായേല്‍

ജറൂസലം- യെമന്‍ ഹൂത്തി ആക്രമണ പരമ്പര നേരിടുന്ന സൗദി അറേബ്യയോട് ദുഃഖം പ്രകടിപ്പിച്ച് ഇസ്രായേല്‍. സൗദിയുമായി ഔപചാരിക ബന്ധമില്ലാതിരിക്കെ, പൊതു സന്ദേശമായാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ പ്രസ്താവന.

ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ ഭീകരമായ ആക്രമണത്തില്‍  ഇസ്രായില്‍ രാഷ്ട്രം സൗദി അറേബ്യയോടുള്ള ദുഃഖം രേഖപ്പെടുത്തുന്നുവെന്ന്  ബെന്നറ്റ് ട്വീറ്റ് ചെയ്തു.
ഹൂത്തികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പരമ്പരയാണ് വെള്ളിയാഴ്ച സൗദിയിലുണ്ടായത്.  ഫോര്‍മുല വണ്‍ കാറോട്ട മത്സരം നടക്കുന്ന ജിദ്ദയില്‍ എണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അഗ്നിബാധ ദിവസങ്ങള്‍ നീണ്ടു.

ഇറാന്‍ സേനയെ ഭീകരപട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് ബെന്നറ്റ് ആവര്‍ത്തിച്ചു. ഇറാനുമായി 2015ലുണ്ടാക്കിയ  ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി  ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിനെ ഭീകര ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കാനാണ് നീക്കം. അതിരുകള്‍ കടന്നുള്ള ഇറാന്റെ ആക്രമണത്തിന് കൂടുതല്‍ തെളിവ് ലഭിച്ചിട്ടും ഇറാന്‍ സേനയെ   ഭീകര പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം  ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

യു.എ.ഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി ചരിത്രപ്രധാന കൂടിക്കാഴ്ചകള്‍ക്കായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലില്‍ എത്തിയപ്പോഴാണ് ബെന്നറ്റിന്റെ സന്ദേശം.

 

Latest News