വ്യാഴാഴ്ച 11 മണിക്ക് കോണ്‍ഗ്രസിന്റെ മണിയടി, ചെണ്ടകൊട്ട് സമരം

ന്യൂദല്‍ഹി- ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ദേശവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച 11 മണിക്ക് മണിയടിച്ചും ചെണ്ടകൊട്ടിയും സമരം ചെയ്യും. പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ക്കു പുറത്തിറങ്ങിയും പൊതുസ്ഥലങ്ങളിലും മണി അടിച്ചും ചെണ്ട കൊട്ടിയും സമരം ചെയ്യാനാണ് അഹ്വാനം. കുതിച്ചുയരുന്ന ഇന്ധന വില കണ്ടില്ലെന്ന് മട്ടില്‍ ഉറങ്ങുന്ന ബിജെപി സര്‍ക്കാരിനെ ഉണര്‍ത്താനാണ് ഈ സമരമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. സമരത്തിന്റെ ഭാഗമായി പാചകവാതക സിലിണ്ടറുകള്‍ക്ക് മാലചാര്‍ത്തുകയും ചെയ്യും.

കോവിഡിനെ തുടര്‍ന്നുണ്ടായ ആദ്യ ലോക്ഡൗണ്‍ സമയത്ത് കോവിഡ് മുന്നണി പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ബിജെപി നടത്തിയ പാത്രം കൊട്ട്, കയ്യടി പരിപാടിയെ അനുസ്മരിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഈ പുതിയ സമരം. നാലു മാസത്തെ ഇടവളയ്ക്കു ശേഷം വീണ്ടു വര്‍ധിപ്പിച്ചു തുടങ്ങിയ ഇന്ധന വില ഇപ്പോള്‍ ദിവസം തോറും വലിയ തോതില്‍ വര്‍ധിപ്പിച്ചു വരികയാണ്. ഇതിനെതിരെ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

Latest News