കണ്ണൂര്‍ - കണ്ണൂരില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നു പിടികൂടിയതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശിനി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡു ചെയ്തു.
നൈജീരിയന്‍ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ (22), കണ്ണൂര്‍ സിറ്റി മരക്കാര്‍ക്കണ്ടിയിലെ ജനീസ് (30), അണ്ടത്തോട് അനുഗ്രഹയില്‍ മുഹമ്മദ് ജാബിര്‍ (30) എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
പ്രതികളില്‍ പ്രയീസിനെ, ബംഗലൂരുവിലെ ബസന വാടിയിലെ താമസസ്ഥലത്ത് അസി.കമ്മീഷണര്‍ പി.പി. സദാനന്ദന്റെ നേതൃത്വത്തിലും, മറ്റുള്ളവരെ പ്രത്യേക അന്വേഷണ സംഘ തലവന്‍ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ.്പി ജസ്റ്റിന്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റു ചെയ്തത്.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
രണ്ടുകിലോ എം.ഡി. എം.എ, കൊക്കൈയിന്‍, എല്‍.എസ്.ടി സ്റ്റാമ്പുകള്‍ തുടങ്ങിയ അത്യാധുനിക ലഹരി ഗുളികകള്‍ കണ്ണൂര്‍ നഗരത്തിലെ രണ്ടിടങ്ങളില്‍ നിന്നായി പിടികൂടിയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മയക്കുമരുന്ന് മൊത്തവ്യാപാരം നടത്തിയ കണ്ണൂര്‍ തെക്കിബസാര്‍ സ്വദേശി നിസാമിന്റെ ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും രണ്ടുലക്ഷം രൂപ വീതം ദിവസവും നൈജീരിയന്‍ സ്വദേശികളായ ഷിബുസോര്‍, അസിഫ. ടി. കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായി കണ്ടെത്തി. ഇതോടെ സംഭവത്തിന് പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായി.
കേസിലെ മറ്റൊരു പ്രതിയായ ജനീസിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ബാംഗ്ലൂര്‍ യൂണിയന്‍ ബാങ്കില്‍ നൈജീരിയന്‍ സ്വദേശികളയ വിദ്യാര്‍ത്ഥികളുടെ പേരിലാണ് പണം ട്രാന്‍സര്‍ ചെയ്യുന്നതെന്നു വ്യക്തമാവുകയായിരുന്നു. ഇവര്‍ താമസിക്കുന്ന ബാംഗ്ലൂര്‍ ബനസവാടിയിലെ വീട്ടില്‍ അന്വേഷണം നടത്തിയതില്‍ ഷിബു സോറും ആസിഫയും നൈജീരിയയിലേക്ക് മടങ്ങിയതായി മനസിലായി. പ്രൈയിസ് എന്ന മറ്റൊരു പെണ്‍കുട്ടി പഠനം പൂര്‍ത്തിയാവാത്തതിനാല്‍ അതെ വീട്ടില്‍ താമസിക്കുന്നതായും മനസിലായി. പ്രയിസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ ഓരോ മൂന്ന് ദിവസത്തിലും മുപ്പത്തിനായിരം മുതല്‍ എണ്‍പതിനായിരം രൂപവരെ അവരുടെ അക്കൗണ്ടില്‍ വരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.