കുട്ടിയെ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു

ഗ്രേറ്റര്‍ നോയ്ഡ- രാത്രി വീട്ടില്‍ കയറി പിഞ്ചു കുഞ്ഞിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ യുവാവ് മരിച്ചു. നേപ്പാളിലെ ഡോന്‍ഡ്‌റ സ്വദേശി നങ്കു ആണ് മരിച്ചത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ കനര്‍സിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11 മണിയോടെ നരേഷ് എന്നയാളുടെ വീട്ടില്‍ കയറിയ പ്രതി അഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മോഷ്ടിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. കുഞ്ഞ് കരഞ്ഞതോടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് ഇറങ്ങിയോടിയ പ്രതിയെ വീട്ടുകാരും അയല്‍ക്കാരും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ശേഷം മരത്തില്‍ കെട്ടിയിട്ട് പൊതിരെ തല്ലുകയും മര്‍ദിക്കുകയും ചെയ്ത ശേഷമാണ് പോലീസിനെ ഏല്‍പ്പിച്ചത്. 

പോലീസ് നങ്കുവിനെ കോട്‌വാലിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതു പ്രകാരം അങ്ങോട്ടു കൊണ്ടു പോകുംവഴിയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. നങ്കുവിന്റെ സഹോദരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വീട്ടുകാരനായ നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

Latest News