വീണ്ടും കല്ലിടല്‍, കോട്ടയത്ത് സംഘര്‍ഷം പിഴുതെറിയുമെന്ന് നാട്ടുകാര്‍ 

കോട്ടയം- പ്രതിഷേധങ്ങള്‍ക്കിടെ താത്കാലികമായി നിര്‍ത്തി വച്ചിരുന്ന കെറെയില്‍ സര്‍വെ പുനരാരംഭിച്ചു. നട്ടാശേരിയിലാണ് ഉദ്യോഗസ്ഥരെത്തി സര്‍വെ ആരംഭിച്ചത്. ഇതുവരെ പന്ത്രണ്ടിടത്ത് കല്ലിട്ടതായാണ് വിവരം. കുഴിയാലിപ്പടിയില്‍ സര്‍വെയ്‌ക്കെത്തിയ തഹസില്‍ദാരടക്കമുള്ള ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കല്ല് പിഴുതെറിയുമെന്ന് നാട്ടുകാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നട്ടാശേരിക്ക് പുറമെ എറണാകുളം പിറവത്തും സര്‍വെ തടയുന്നതിനായി നാട്ടുകാര്‍ സംഘം ചേര്‍ന്നിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം.
സര്‍വെ കല്ലുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം റവന്യു വകുപ്പിന്റേതാകാം എന്ന കെ റെയിലിന്റെ വാദം റവന്യു മന്ത്രി കെ. രാജന്‍ തള്ളി. കല്ലിടാന്‍ റവന്യു വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. 'ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തമില്ലാതെ ഓരോന്ന് പറയരുത്, അത്തരത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായ മറുപടി നല്‍കും,' മന്ത്രി കൂട്ടിച്ചേര്‍ത്തു.'ബലപ്രയോഗത്തിലൂടെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ല. റവന്യു ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും ബലപ്രയോഗം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം കൂടുതലായി ഒന്നും പറയാനില്ല,' കെ. രാജന്‍ പറഞ്ഞു. സാധാരണ ജനം സില്‍വ!ര്‍ ലൈന്‍ പദ്ധതിയെ തിരിച്ചറിയുകയും അതിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
 

Latest News