ഇടുക്കി- വിനോദസഞ്ചാരികള്‍ക്ക് വില്‍പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍. മൂന്നാര്‍ ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സിസ് മില്‍ട്ടനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ നിരക്കില്‍ മുറികള്‍ വാടകക്ക് നല്‍കുന്ന ഇടമായതിനാല്‍ ലൈറ്റ് ലാന്റ് കോട്ടേജില്‍ സഞ്ചാരികളുടെ തിരക്ക് ദിനംതോറും വര്‍ധിച്ചുവന്നിരുന്നു. സൗകര്യങ്ങള്‍ കുറവാണെങ്കിലും അന്യസംസ്ഥാനത്തുനിന്നും നിരവധി ആളുകളാണ് കോട്ടേജില്‍ താമസത്തിനായി എത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുളളത്.
സംഭവം ശ്രദ്ധയില്‍പെട്ട മൂന്നാര്‍ സി.ഐ മനേഷ്. കെ പൗലോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ സാഗറും സംഘവും കോട്ടേജ് സംബന്ധിച്ച അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. സന്ദര്‍ശകരുടെ തിരക്കേറാന്‍ കാരണമെന്തെന്ന് അന്വേഷിച്ചെത്തിയ സംഘം മുറികളും പരിസരവും പരിശോധന നടത്തവെയാണ് മുറികളില്‍ തിരക്കേറാനുള്ള കാരണം മനസിലായത്. കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടന് കഞ്ചാവ് വില്‍പന ഉണ്ടെന്ന് കണ്ടെത്തി. പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാസങ്ങളോളം പഴക്കമുള്ള കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായും കണ്ടെത്തി. കോട്ടേജിന് സമീപത്തെ ഷെഡില്‍ മൂന്നുവശവും ഓടുകള്‍കൊണ്ട് മറച്ചാണ് ചെടി വളര്‍ത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. എ.എസ്.ഐ ചന്ദ്രന്‍, സി.പിഒമാരായ റിയാസ്, ഹിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.






