ഉത്സവത്തിനിടെ രണ്ട് യുവാക്കള്‍ കുളത്തില്‍ മുങ്ങി മരിച്ചു

കൊല്ലം - ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ട് യുവാക്കള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ശാസ്താംകോട്ട പോരുവഴി മലനട ഉത്സവ സ്ഥലത്താണ് രണ്ടു യുവാക്കള്‍ കുളത്തില്‍ വീണുമരിച്ചത്. ശാസ്താംകോട്ട പോരുവഴി സ്വദേശി അശ്വിന്‍(16), തെന്മല സ്വദേശി വിഘ്‌നേഷ് (17) എന്നിവരാണ് മരണപ്പെട്ടത്. ഉത്സവം നടക്കുന്ന മലനടക്ക് അടുത്തുള്ള ഏലായിലെ കുളത്തിലാണ് രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചത്. രാത്രി ഏഴുമണിയോടെയാണ് അപകടം. ഉത്സവത്തിന്റെ ബഹളത്തിനിടയിലാണ് യുവാക്കള്‍ കുളത്തില്‍ വീണുപോയത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ഏറെ പ്രശസ്തമായ മലനട ഉത്സവം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ മൂന്നു ജില്ലകളില്‍നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മലനട ഉത്സവത്തിന് ജനക്കൂട്ടം ഉണ്ടാകുന്ന ഏലായില്‍ കനാല്‍ തുറന്നുവിട്ടതിനാല്‍ ഇറങ്ങി നടക്കാനാവാത്ത നിലയായിരുന്നു. ഇതിനിടെ ചെളിയില്‍ ആറാടിയാണ് കെട്ടുകാഴ്ച മലനട ദുര്യോധന ക്ഷേത്രത്തിലേക്ക് കുന്ന് കയറിയത്. ഏലായില്‍ തിക്കുംതിരക്കും ഏറിയതോടെ തൊട്ടടുത്തുള്ള കുളത്തില്‍ യുവാക്കള്‍ വീണുപോയതാകാമെന്നാണ് പോലീസ് പറയുന്നത്.

 

Latest News