Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയുടെ കഥ കൂട്ട തൊഴിലില്ലായ്മയിൽ കലാശിക്കുമെന്ന് നൊബേൽ ജേതാവ് പോൾ ക്രഗ്മാൻ

ന്യൂദൽഹി- സേവന മേഖലയ്‌ക്കൊപ്പം ഉൽപ്പാദന മേഖലയിലും വളർച്ച കൈവരിച്ചില്ലെങ്കിൽ ഇന്ത്യ രൂക്ഷമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവും യു.എസ് സാമ്പത്തിക വിദഗ്ധനുമായ പോൾ ക്രഗ്മാന്റെ മുന്നറിയിപ്പ്. 'തൊഴിലെടുക്കുന്ന ജനസംഖ്യയിൽ ഇടിവുണ്ടായ ജപ്പാൻ ഇപ്പോൾ ഒരു കരുത്തുറ്റ രാജ്യമല്ല. ചൈനയിലും ഈ അവസ്ഥയാണ്. ഏഷ്യയിൽ ഇന്ത്യക്കു മാത്രമാണ് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ ശേഷിയുള്ളത്്. എന്നാൽ ഇത് ഉൽപ്പാദന മേഖലയിൽ വികസനമുണ്ടെങ്കിൽ മാത്രമെ നടക്കൂ. സേവന മേഖലയെ മാത്രം ആശ്രയിച്ചത് കൊണ്ടായില്ല,' അദ്ദേഹം പറഞ്ഞു. സുസ്ഥിരതയ്ക്ക് അത്യാവശ്യമായ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ ഉൽപ്പാദന മേഖലയിലെ വിടവ് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയാണ് മാർഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വളർച്ച ലോകത്തിന്റെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ജനസംഖ്യ നൽകുന്ന ആനുകൂല്യം കൊണ്ട് ഇന്ത്യയ്ക്ക് ആഗോളവൽക്കരണത്തിന്റെ അടുത്ത തരംഗത്തിനൊത്ത് ഉയരാൻ കഴിയും. ഇന്ത്യയിൽ സേവന മേഖല വളർച്ചയെ മുന്നോട്ടു നയിക്കുന്നതു പോലെ മറ്റെവിടേയും കാണാനാവില്ല. സേവനങ്ങളുടെ ആഗോളവൽക്കരണത്തിന്റെ അവസരങ്ങൾ തുടങ്ങുന്നതേയുള്ളൂ. ഇതാണ് ഇന്ത്യയുടെ വളർച്ചയിൽ പ്രതീക്ഷ നൽകുന്നത്. ഈ രംഗത്തെ ആദ്യരാജ്യം എന്ന ആനുകൂല്യം ഇന്ത്യയ്ക്കു ലഭിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ലോകശ്രദ്ധയിൽ ചൈന മുന്നിട്ടു നിന്നത് കൊണ്ട് ഇന്ത്യയുടെ അവിശ്വസനീയ വളർച്ചക്ക് അർഹിക്കുന്ന ശ്രദ്ധ ലഭിച്ചില്ല. വളരെ ചുരുങ്ങിയ കാലയളവിൽ ജിഡിപി പ്രതിശീർഷ വരുമാനം നാലിരട്ടിയാക്കി ബിസിനസിന് അനുയോജ്യമായ രാജ്യമാക്കി ഇന്ത്യയെ മാറ്റിയിരിക്കുന്നു. 
ഇന്ത്യയുടെ വളർച്ച ഉയർന്ന നിരക്കിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ തൊഴിലെടുക്കുന്നവരുടെ ജനസംഖ്യ വൻതോതിൽ വളരുമെന്നാണ് കണക്കുകൂട്ടൽ. ഇത് വളർച്ചയെ സഹായിക്കും. ജപ്പാൻ, ഇറ്റലി, ചൈന പോലുള്ള ലോകത്തുടനീളം പല രാജ്യങ്ങളും അവരുടെ വളർച്ചയെ ത്വരിതപ്പെടുത്താനാവശ്യമായ മാനവശേഷിയില്ലാതെ പ്രയാസത്തിലാണെന്നും ക്രഗ്മാൻ പറഞ്ഞു.
 

Latest News