കുപ്രസിദ്ധ ഗുണ്ട രാഹുലിനെ കാപ്പചുമത്തി ജയിലിലടച്ചു

കൊച്ചി- നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ സ്ഥിരം കുറ്റവാളി അറസ്റ്റില്‍. പറവൂര്‍ കെടാമംഗലം കവിതാ ഓഡിറ്റോറിയത്തിന് സമീപം  ചാക്കാത്തറ വീട്ടില്‍  രാഹുലിനെ (കണ്ണന്‍ 31) യാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, സംഘം ചേരല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇയാള്‍. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുപ്രസിദ്ധ ഗുണ്ടയായ പെരുമ്പാവൂര്‍ അനസിന്റെ കൂട്ടാളിയായ ഇയാള്‍ 2020  ഫെബ്രുവരിയില്‍ ആലുവ പറവൂര്‍ കവലയില്‍ ഇബ്രാഹിം എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെയും മുഖ്യപ്രതിയായിരുന്നു. 2021 നവംബര്‍ അവസാനം  നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍  മറ്റൊരു കൊലപാതകശ്രമ കേസില്‍  പ്രതിയായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ കാപ്പ നിയമ പ്രകാരം ഇതുവരെ 31 പേരെ നാട് കടത്തുകയും, 42 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ തുടരുമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

 

Latest News