ശ്രദ്ധയോടെ കേള്‍ക്കുക മോഡിയുടെ രീതി; പിണറായിക്ക് ഒരു ഉറപ്പും നല്‍കിയില്ലെന്ന് സുരേന്ദ്രന്‍

മലപ്പുറം-സില്‍വര്‍ ലൈന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി കേരള മുഖ്യന്ത്രി പിണറായി വിജയന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും സുരേന്ദ്രന്‍ പാണക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

മുഖ്യമന്ത്രിമാര്‍ പറയുന്നത് ശ്രദ്ധയോടെ താല്‍പര്യത്തോടെ കേള്‍ക്കുകയെന്നത് പ്രധാനമന്ത്രിയുടെ രീതിയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമായി മുഖ്യമന്ത്രി  പ്രധാനമന്ത്രിയെ കണ്ടിരുന്നു. അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ റെയില്‍വെ മന്ത്രിയോട് സംസാരിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി രണ്ട് വര്‍ഷത്തേക്ക് 50,000 കോടിയുടെ പാക്കേജ് ആണ് ആവശ്യപ്പെട്ടത്. അതിനോടും പ്രധാനമന്ത്രി അനുഭാവപൂര്‍വ്വമായാണ് പെരുമാറിയതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയും പറയുന്നത്. കൂടിക്കാഴ്ചയില്‍  ഒരുറപ്പും പ്രധാനമന്ത്രി മുമ്പോട്ട് വെക്കാത്തപ്പോള്‍ പദ്ധതി സങ്കീര്‍ണ്ണമാണെന്നും തിടുക്കം കാട്ടരുതെന്നും റെയില്‍വേ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കുകയും ചെയ്തു.
ഒരു ലക്ഷം കോടിക്ക്  മുകളില്‍ പദ്ധതിക്ക് ചെലവാകുമെന്നും  സാങ്കേതിക,പരിസ്ഥിതി പ്രശ്‌നങ്ങള്‍ മുന്നിലുണ്ടെന്നും റെയില്‍വെമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ.ശ്രീധരന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി പ്രതിനിധി സംഘം നേരത്തെ റെയില്‍വെ മന്ത്രിയെ സന്ദര്‍ശിച്ച് ആശങ്കകള്‍ അറിയിച്ചിരുന്നു. അത് ശരിവെക്കുന്ന പ്രസംഗമാണ് മന്ത്രി രാജ്യസഭയില്‍ നടത്തിയത്.നീതി ആയോഗും റെയില്‍വെ മന്ത്രാലയവും ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും തന്നെ സര്‍ക്കാരിന് ഉത്തരമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News