യുപിയില്‍ ബിജെപിയുടെ പുതിയ മുസ്ലിം മുഖമായി ദാനിഷ് ആസാദ് അന്‍സാരി മന്ത്രിസഭയില്‍

ലഖ്‌നൗ- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിടത്തു പോലും ബിജെപി മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. എന്നാല്‍ വിജയം ആവര്‍ത്തിച്ച് രണ്ടാമതും സര്‍ക്കാര്‍ രൂപീകരിച്ചതോടെ മന്ത്രിസഭയില്‍ ഒരു മുസ്ലിമിന് ഇടം നല്‍കിയിരിക്കുന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദാനിഷ് ആസാദ് അന്‍സാരിയെ ആണ് പാര്‍ട്ടിയുടെ പുതിയ മുസ്ലിം മുഖമായി അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന മൊഹ്‌സിന്‍ റസയ്ക്കു പകരമായാണ് ദാനിഷ് ആസാദിനെ രംഗത്തിറക്കിയിരിക്കുന്നത്. 

ലഖ്‌നൗ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ദാനിഷ് ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയില്‍ പല പദവികളും വഹിച്ചിട്ടുണ്ട്. യുപി സര്‍ക്കാരിന്റെ ഉര്‍ദു ഭാഷാ കമ്മിറ്റിയില്‍ അംഗമാണ്. 2017ല്‍ ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ഈ പദവി നല്‍കിയത്. യുവനജങ്ങള്‍ക്കിടയിലും ന്യൂനപക്ഷ സംഘടനാ വേദികളിലും സജീവ സാന്നിധ്യമാണ് ദാനിഷ്. ബിജെപിയുടെ ഉന്നത നേതാക്കളുമായി വളരെ അടുപ്പവും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇതായിരിക്കാം മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ ദാനിഷിന് സഹായകമായത്.

വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ രണ്ടാം യോഗി സര്‍ക്കാരില്‍ ദാനിഷ് ഉള്‍പ്പെടെ 52 മന്ത്രിമാരാണ് ഉള്ളത്. മുന്‍ മന്ത്രിസഭയിലെ പല പ്രമുഖരും പുതിയ മന്ത്രിസഭയില്‍ ഇല്ല. യുപിയുടെ ചരിത്രത്തില്‍ 37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കാലാവധി പൂര്‍ത്തിയാക്കി തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് പുതിയ ചരിത്രമെഴുതി.

Latest News