ന്യൂദല്‍ഹി- ഇന്ത്യയില്‍ ചൈനീസ് വിദേശകാര്യമന്ത്രിയുടെ രഹസ്യസന്ദര്‍ശനം. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഇന്ത്യചൈന ഉന്നതതല യോഗമാണ് ഇന്ന് ദല്‍ഹിയില്‍ നടക്കുന്നത്.വ്യാഴാഴ്ച രാത്രി 7.40നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ദല്‍ഹിയിലിറങ്ങിയത്. ഇതുവരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും പ്രഖ്യാപനങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇന്നു രാവിലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി വാങ് യീ കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇന്നലെ വൈകീട്ടോടെ വാങ് യീ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതിനാലാണ് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടാകാത്തതെന്നാണ് വിലയിരുത്തല്‍.ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ അതിര്‍ത്തിയിലെ സേനാ പിന്മാറ്റവും ഉക്രൈന്‍ വിഷയവും ചര്‍ച്ചയാകുമെന്നാണ് സൂചന.