ന്യൂദല്‍ഹി- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ലെന്നും വിഷയം കൂടുതല്‍ പ്രക്ഷുബ്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. മാര്‍ച്ച് 28 ന് പരീക്ഷ ആരംഭിക്കാനിരിക്കെ, കേസ് കേള്‍ക്കാന്‍ തീയതി തീരുമാനിക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്തിന്റെ ആവശ്യം.
ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ്, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ണാടക ഹൈക്കോടതി ശരിവെച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളില്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.