ന്യൂദൽഹി- പ്രധാനന്ത്രി നരേന്ദ്ര മോഡിയുടെ ഭരണം ഏകാധിപത്യമാണെന്നും ധാർഷ്ട്യത്തോടെ പ്രവർത്തിക്കുന്ന ഈ സർക്കാരിന്റെ കഴിഞ്ഞ നാലു വർഷത്തെ പ്രധാന ജോലി കോൺഗ്രസിനെ തകർക്കലായിരുന്നുവെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. 84-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെ സോണിയ ബിജെപി സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചു. യുപിഎ സർക്കാർ കൊണ്ടു വന്ന പദ്ധതികളും പരിപാടികളും അവഗണിക്കപ്പെടുകയോ ദുർബലമാക്കപ്പെടുകയോ ചെയ്യുന്നത് കാണുമ്പോൾ ദുഖമുണ്ടെന്നും അവർ പറഞ്ഞു. ജനങ്ങൾക്കു മുമ്പിൽ നാം ബിജെപി സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങൾ തുറന്നു കാട്ടും.
കോൺഗ്രസിന്റെ പോരാട്ടം ബിജെപിയുടെ സ്വേച്ഛാധിപത്യപരമായ ഭരണത്തിനെതിരെയാണെന്നും സോണിയ പ്രഖ്യാപിച്ചു. 2014ൽ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മോഡിയുടെ എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം എന്ന വാഗ്ദാനം തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന മട്ടിലാണ്. സർക്കാർ നാടകം കളിക്കുകയാണെന്നും വോട്ടു കിട്ടാനുള്ള തന്ത്രങ്ങൾ പയറ്റുകയാണെന്നും സോണിയ പറഞ്ഞു.
പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കപ്പെടുന്നു. ഇത് ജനാധിപത്യത്തിന്റെ പരാജയമാണെന്ന് രാജ്യത്തിനു മുന്നിൽ തുറന്നു കാട്ടേണ്ട മാധ്യമങ്ങൾ അവരുടെ കർത്തവ്യങ്ങളിൽ വീഴ്ച വരുത്തുന്നു. ഈ സർക്കാരിനെതിരെ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ട സമയമാണിത്. ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും നാം ഇന്ന് നേരിടുന്ന വെല്ലുവിളികൾ സാധാരണമല്ലെന്നും അവർ മുന്നറിയിപ്പു നൽകി. രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും കോൺഗ്രസ് പ്രവർത്തകർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.