ന്യൂദല്‍ഹി-കൂടുതല്‍ അധികാരം നല്‍കി മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കുമെന്ന് സുപ്രീംകോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു എന്നന്നേക്കുമായി പരിഹാരം കണ്ടെത്താനാണു മേല്‍നോട്ട സമിതിക്കു കൂടുതല്‍ അധികാരം അനുവദിക്കുന്നതെന്നും പുതിയ അണക്കെട്ട് സംബന്ധിച്ച് തീരുമാനമെടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
മേല്‍നോട്ട സമിതിക്ക് നല്‍കേണ്ട അധികാരങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേരളത്തിനും തമിഴ്‌നാടിനും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. ശുപാര്‍ശ തയാറാക്കാന്‍ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത യോഗം ചേരണം. മുല്ലപ്പെരിയാര്‍ ഹരജികള്‍ അടുത്ത ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി സംയുക്ത യോഗത്തിന്റെ മിനുട്ട്‌സ് അന്ന് ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കി.
പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച് മേല്‍നോട്ട സമിതിയില്‍ ചര്‍ച്ച നടക്കട്ടെയെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഡാം സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.






