അമേരിക്ക സൈബർ ആക്രമണ ഭീതിയിൽ 

  • ഡിജിറ്റൽ കവാടങ്ങൾ ഭദ്രമാക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം

ഡിജിറ്റൽ കവാടങ്ങൾ ഭദ്രമാക്കി അതീവ ജാഗ്രത പുലർത്താൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ സ്വകാര്യ കമ്പനികളോടും സ്ഥാപനങ്ങളോടും  ആവശ്യപ്പെട്ടു. 
യു.എസിൽ റഷ്യയുടെ സൈബർ ആക്രമണം ആസന്നമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിന്റെ ജാഗ്രതാ നിർദേശം. അമേരിക്കൻ സ്ഥാപനങ്ങളിൽ സൈബർ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. 
റഷ്യ സൈബർ ആക്രമണത്തിന് പദ്ധതിയിടുന്നതിനുള്ള തെളിവുകളൊന്നും നൽകിയിട്ടില്ലെങ്കിലും  സൈബർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന വൈറ്റ് ഹൗസിന്റെ ആഹ്വാനത്തെ ബ്രിട്ടീഷ് അധികൃതരും ശരിവെക്കുന്നു.  റഷ്യക്കെതിരെ ഭീതി പരത്താനാണ് ഇത്തരം ആരോപണങ്ങളെന്ന് ചൂണ്ടിക്കാട്ടി റഷ്യൻ അധികൃതർ നേരത്തെ ആരോപണങ്ങൾ തള്ളിയിരുന്നു. അതേസമയം, വിനാശകരമായ സൈബർ ആക്രമണം നടത്താൻ ശേഷിയുള്ള ഹാക്കർമാർ അടങ്ങുന്ന സൈബർ സൂപ്പർ പവർ കൂടിയാണ് റഷ്യ. പരമ്പരാഗത ആയുധങ്ങളോടൊപ്പം സൈബർ ഉപകരണങ്ങളുടെ വൻശേഖരവും റഷ്യയിലുണ്ട്. 


അധിനിവേശം തുടരുന്ന ഉക്രൈനിൽ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും താരതമ്യേന കുറവാണ്. അതേസമയം, ഉക്രൈൻ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിനാൽ ഉക്രൈന്റെ സഖ്യകക്ഷികൾക്കെതിരെ റഷ്യ സൈബർ ആക്രമണം നടത്തുമെന്ന് വിദഗ്ധർ ഇപ്പോഴും ഭയപ്പെടുന്നു.
പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി മുന്നോട്ടു പോകുന്നതിനാൽ ബൈഡന്റെ മുന്നറിയിപ്പുകൾ വിശ്വസനീയമാണെന്ന് കരുതണമെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ റാപ്പിഡ് 7 ൽനിന്നുള്ള ജെൻ എല്ലിസ് പറയുന്നു.
റഷ്യയുടെ ഹാക്കിംഗ് പരീക്ഷണ വേദിയായി മാറിയ ചരിത്രമാണ് ഉക്രൈന് നേരത്തെയുള്ളത്. സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിനായി റഷ്യ അവിടെ സബൈർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.


2015 ൽ, പടിഞ്ഞാറൻ ഉക്രൈനിൽ നടത്തിയ ബ്ലാക്ക് എനർജി എന്ന സൈബർ ആക്രമണത്തിൽ ആ രാജ്യത്തിന്റെ  വൈദ്യുതി ഗ്രിഡ് തടസ്സപ്പെട്ടിരുന്നു.  80,000 ഉപഭോക്താക്കളാണ്  ഇരുട്ടിലായിരുന്നത്. ഏതാണ്ട് ഒരു വർഷത്തിനു ശേഷം ഇൻഡസ്‌ട്രോയർ എന്നറിയപ്പെടുന്ന മറ്റൊരു സൈബർ ആക്രമണം ഉക്രേനിയൻ തലസ്ഥാനമായ കീവിന്റെ അഞ്ചിലൊരു ഭാഗത്ത് വൈദ്യുതി നിലയ്ക്കാൻ കാരണമായി. ആക്രമണത്തിന് പിന്നിൽ റഷ്യൻ സൈനിക ഹാക്കർമാരാണെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും കുറ്റപ്പെടുത്തിയിരുന്നു. 


റഷ്യൻ ഹാക്കർമാരുടെ ശേഷി വെച്ചുനോക്കുമ്പോൾ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇത്തരമൊരു ആക്രമണം നടത്താൻ സാധിക്കുമെന്ന് പവർ കട്ട് ഹാക്കിംഗുകൾ അന്വേഷിക്കാൻ സഹായിച്ച ഉക്രേനിയൻ സൈബർ സെക്യൂരിറ്റി വിദഗ്ധ മറീന ക്രോട്ടോഫിൽ പറയുന്നു. 
എന്നാലും പവർ ഗ്രിഡിനെതിരായ സൈബർ ആക്രമണത്തിനു പരിമിതികളുണ്ട്. വൈദ്യുതി വിതരണം ദീർഘമായി തടസ്സപ്പെടുത്തുന്നതിന് സൈബർ ആക്രമണം കാരണമായിട്ടില്ല. സങ്കീർണമായ എൻജിനീയറിംഗ് സിസ്റ്റങ്ങളിൽ സൈബർ ആക്രമണം നടത്തകയും എളുപ്പമല്ല.  അതുകൊണ്ട് തന്നെ വൈദ്യുതി ഗ്രിഡിൽ ആക്രമണം നടത്തി കാര്യമായ നഷ്ടമുണ്ടാക്കാൻ സാധ്യമല്ല.  
റഷ്യൻ നെറ്റ്‌വർക്കുകളിൽ പാശ്ചാത്യർക്കും ഇതേ തരത്തിലുള്ള തിരിച്ചടി നൽകാൻ സാധിക്കുമെന്നതിനാലാകാം റഷ്യ മടിച്ചുനിൽക്കുന്നതെന്നും  ക്രോട്ടോഫിലിനെ പോലെ മറ്റു  വിദഗ്ധരും കരുതുന്നു. 

Latest News