തൃശൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയത് സഹോദരന്‍; അമ്മയേയും ചോദ്യം ചെയ്യുന്നു

തൃശൂര്‍-ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മദ്യപിച്ച് ബഹളംവെച്ച യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് പറഞ്ഞു. ചേര്‍പ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ കെ.ജെ സാബുവിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 19ന് അര്‍ദ്ധരാത്രിയാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം കുഴിച്ചിടാന്‍ അമ്മ സഹായിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

 

Latest News