മാണിയുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തി; ചെങ്ങന്നൂരില്‍ പിന്തുണ ആവശ്യപ്പെട്ടു

കോട്ടയം- കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തി. പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. മാണിയുടെ പാലായിലെ വസതിയില്‍ എത്തിയായിരുന്നു ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കെയാണ് സന്ദര്‍ശനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണ് യോഗത്തിലെ പ്രധാന അജണ്ട.ചെങ്ങന്നൂരില്‍ അണികളോട് മനഃസാക്ഷി വോട്ട് ചെയ്യാനാകും കേരളാ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുകയെന്ന് സൂചനകളുണ്ട്. 
കൂടിക്കാഴ്ചയെ സൗഹൃദസന്ദര്‍ശനമെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്. രാവിലെ 11 മണിയോടെയാണ് കൃഷ്ണദാസ് പാലായില്‍ എത്തിയത്. ബി.ജെ.പി കോട്ടയം ജില്ലാ സെക്രട്ടറി എന്‍.ഹരി ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

Latest News