ചെന്നൈ- ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയോട് സുന്ദരിയാണെന്ന് മറുപടി പറഞ്ഞ തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി സി.വിജയഭാസ്‌കര്‍ വെട്ടിലായി. സംഭവം വിവാദയതോടെ ഉടന്‍ മാപ്പു പറഞ്ഞു മന്ത്രി തടിയൂരി. അണ്ണാ ഡിഎംകെ പാര്‍ട്ടി യോഗത്തിനു ശേഷം പുറത്തിറങ്ങിയ മന്ത്രിയോടാണ് മാധ്യപ്രവര്‍ത്തക യോഗകാര്യങ്ങള്‍ ചോദിച്ചത്. ഈ സമയം മറ്റു മാധ്യമപ്രവര്‍ത്തകരും സമീപമുണ്ടായിരുന്നു. ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ മന്ത്രി പതിവു ശൈലിയില്‍ മാധ്യമപ്രവര്‍ത്തകയുടെ സൗന്ദര്യത്തെ വാഴ്ത്തുകയായിരുന്നു. എന്നാല്‍ എല്ലായ്പ്പോഴും മന്ത്രി ഇങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക മറുപടി പറഞ്ഞപ്പോള്‍ ഇന്ന് താങ്കള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. യോഗവിവരങ്ങള്‍ വീണ്ടും ആരാഞ്ഞപ്പോള്‍ താങ്കള്‍ സുന്ദരിയാണ് എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച മന്ത്രി ഉടന്‍ സ്ഥലം വിടുകയായിരുന്നു. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മന്ത്രി പരസ്യമായി മാപ്പു പറഞ്ഞു.