Sorry, you need to enable JavaScript to visit this website.

 ദല്‍ഹി പോലീസ് ഹൈബി ഈഡന്റെ മുഖത്തടിച്ചു,  കേരള എം.പിമാര്‍ക്ക് നേരെ മൃഗീയ കയ്യേറ്റം 

ന്യൂദല്‍ഹി- കെ. റെയില്‍ വിഷയത്തില്‍ പ്രതേഷേധിച്ച  യുഡിഎഫ് എംപിമാരെ ദല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ദല്‍ഹി വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്നു യുഡിഎഫ് എംപിമാര്‍. ഇവിടെ നിന്നും പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്.  ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ തുടങ്ങിയവരെ പൊലീസ് ബലമായി മാറ്റി. ഹൈബി ഈഡന്റെ മുഖത്തടിച്ചു. ബെന്നി ബഹനാനെ കോളറില്‍ പിടിച്ച് മാറ്റി. ടി എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളി. പാര്‍ലമെന്റ് അംഗങ്ങളാണെന്ന് അറിയിച്ചിട്ടും പോലീസ് പിന്മാറാന്‍ കൂട്ടാക്കിയില്ലെന്ന് എംപിമാര്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്നതിന്റെ പതിപ്പാണ് ദല്‍ഹിയിലും നടന്നത്. വനിതകളെ പുരുഷന്മാരായ പോലീസുകാര്‍ കേരളത്തില്‍ ആക്രമിക്കുന്ന കാര്യം സഭയില്‍ പറഞ്ഞിരുന്നു. അത് ഇവിടെയും നടപ്പാക്കുകയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. എംപിമാര്‍ക്ക് നടക്കാന്‍ പോലും സ്വാതന്ത്ര്യമില്ലെന്നത് വിചിത്രമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പോലീസ് നടപടിയില്‍ ലോക്‌സഭ സ്പീക്കര്‍ക്ക് ഇന്നു തന്നെ പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. എംപിമാരുടെ പ്രവിലേജിന് നേര്‍ക്കുള്ള കടന്നാക്രമണമാണ്. കെ റെയിലില്‍ എത്രത്തോളം കമ്മീഷന്‍ കൈപ്പറ്റിയെന്നതിന് തെളിവാണ് ഈ നടപടിയെന്നും ഹൈബി ഈഡന്‍ പറഞ്ഞു. 
 

Latest News