Sorry, you need to enable JavaScript to visit this website.

കെ-റെയില്‍ മഹാ ദുരന്തം, മാടപ്പള്ളിയുടെ  ഹൃദയവും ആത്മാവുമെല്ലാം കൊണ്ടുപോകും

കോട്ടയം- സില്‍വര്‍ലൈന്‍ പദ്ധതി ഏറ്റവും അധികം ബാധിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ മാടപ്പള്ളി. എട്ട് വാര്‍ഡുകളിലൂടേയും പദ്ധതി കടന്നുപോകുമ്പോള്‍ പഞ്ചായത്തിലെ മൂന്നിലൊന്ന് പ്രദേശം കുടിയൊഴിപ്പിക്കേണ്ടി വരും. ഗ്രാമപ്രദേശത്തെ ചില കവലകള്‍ അപ്രത്യക്ഷമാകും.
മാടപ്പള്ളിയിലെ 350 വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെടും. 200 വീടുകള്‍ ഭാഗികമായും നഷ്ടമാകും. 50 ലേറെ കടകള്‍ ഒഴിയേണ്ടി വരും. വീടുകളും കടകളും മണ്ണടിയുമ്പോള്‍ അത് 3000 ത്തിലേറെ പേരെ നേരിട്ട് ബാധിക്കും. രണ്ട് സെന്റ് മുതല്‍ രണ്ടേക്കര്‍ സ്ഥലം വരെ വിട്ടുകൊടുക്കേണ്ടി വരുന്നവരും ഇടത്തരം കര്‍ഷകരുടെ പഞ്ചായത്തായ മാടപ്പള്ളിയിലുണ്ട്. ചിലരുടെ പുരയിടങ്ങളുടെ ഒത്ത നടുവിലൂടെയാണ് പദ്ധതിയുടെ പോക്ക്.
എഴുത്തുപള്ളി പോലെയുള്ള മുന്ന് കവലകളാണ് ഇല്ലാതാകുക. നൂറിലേറെപേര്‍ തിങ്ങിപ്പാര്‍ക്കുന്ന കൊട്ടാരംകുന്ന് കോളനിയെ പൂര്‍ണമായും പദ്ധതി വിഴുങ്ങും. മരിയന്‍ ലൈന്‍ കോളനിയുടെ പകുതിയും.ഇങ്ങനെ ഏഴര കിലോമീറ്ററില്‍ മാടപ്പള്ളിയുടെ ഹൃദയവും ആത്മാവുമെല്ലാം സില്‍വര്‍ലൈന്‍ കൊണ്ടുപോകും. മാടപ്പള്ളി തന്നെ ഭൂമുഖത്ത് നിന്ന് മാഞ്ഞുപോകുമെന്നാണ് ആശങ്ക
ഇതിനിടെ കെ റെയില്‍ അതിരടയാള കല്ലിടലും പ്രതിഷേധവും ഇന്നും തുടര്‍ന്നേക്കും . മലപ്പുറത്ത് കെ റെയില്‍ സര്‍വേ ഇന്ന് തവനൂരില്‍ നടക്കും. ഇന്നലെ സര്‍ക്കാര്‍ ഭൂമിയിലാണ് സര്‍വേയും അതിരടയാളക്കല്ല് സ്ഥാപിക്കല്‍ നടന്നത്.കാര്‍ഷിക സര്‍വകലാശാല ഭൂമിയിലെ സര്‍വേക്കെതിരെ ഇന്നലെ പ്രതിഷേധമുണ്ടായിരുന്നില്ല. ഇന്ന് പുറത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് സര്‍വേയും അതിരാടയാളക്കല്ല് സ്ഥാപിക്കലും സര്‍വേയും തീരുമാനിച്ചിട്ടുള്ളത്.
 

Latest News