VIDEO ദല്‍ഹി ഹോട്ടലില്‍ കശ്മീരിക്ക് മുറി നിഷേധിച്ചു, സിനിമയുടെ അനന്തരഫലമെന്ന് വിമര്‍ശം

ന്യൂദല്‍ഹി-ദേശീയ തലസ്ഥാനത്തെ ഹോട്ടലില്‍ കശ്മീരിയായതു കൊണ്ടു മാത്രം മുറി നിഷേധിച്ചു. ഓയോ വെബ്‌സൈറ്റ് വഴി റൂം ബുക്ക് ചെയ്ത് ഹോട്ടലില്‍ എത്തിയ ആളെയാണ് ജീവനക്കാരി തിരിച്ചയച്ചത്.
ആധാര്‍ കാര്‍ഡ് അടക്കമുള്ള എല്ലാ തിരിച്ചറിയില്‍ രേഖകള്‍ നല്‍കിയിട്ടും ഹോട്ടലിലെ ജീവനക്കാരി പ്രവേശനം നിഷേധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഓയോ വഴി റൂം ബുക്ക് ചെയ്ത കാര്യം പറഞ്ഞ് തര്‍ക്കിക്കുന്നയാള്‍ക്കു മുന്നില്‍ ഹോട്ടലിലെ സീനിയര്‍ ഉദ്യോഗസ്ഥനോട് സ്ത്രീ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. കശ്മീരി പൗരന്മാര്‍ക്ക് ഹോട്ടലില്‍ മുറി നല്‍കരുതെന്ന് ദല്‍ഹി പോലീസിന്റെ നിര്‍ദേശമുണ്ടെന്നാണ് സീനിയറുമായി സംസാരിച്ച ശേഷം ജീവനക്കാരി നല്‍കിയ മറുപടി. അതേസമയം, ഇത്തരമൊരു നിർദേശം നല്‍കിയിട്ടില്ലെന്നാണ് ദല്‍ഹി പോലീസിന്റെ വിശദീകരണം.

ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ വക്താവ് നാസിര്‍ ഖുഹാമിയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
ദ കശ്മീരി ഫയല്‍സ് സിനിമയുടെ ഇംപാക്ട് എന്നാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് നാസിര്‍ അടിക്കുറിപ്പ് നല്‍കിയത്. വിദ്വേഷം പ്രചരിപ്പിക്കാനും സമുദായങ്ങളെ അകറ്റുന്നതിനും ഈ സിനിമയെ സംഘ്പരിവാര്‍ ഉപയോഗിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

Latest News