Sorry, you need to enable JavaScript to visit this website.

പത്തനംതിട്ട ജില്ലാ സംഗമം അമൃതവർഷം 2022' നാളെ


ജിദ്ദ- പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികാഘോഷം 'ഇന്ത്യ@75' പരിപാടിയുടെ ഭാഗമായി 'അമൃതവർഷം 2022' ആഘോഷിക്കുന്നു. നാളെ വൈകുന്നേരം ആറ് മണി മുതൽ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽവെച്ച് വിവിധ കലാ പരിപാടികളോടുകൂടിയാണ് ആഘോഷം. ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ സാബിർ മുഖ്യാതിഥിയായിരിക്കും. കേരളത്തിന്റെ സാംസ്‌കാരിക തനിമയായ വില്ലടിച്ചാൻപാട്ട്, ഒപ്പന, ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, ചരിത്രപുരാണ നാടകം, പ്രശസ്ത ഡാൻസ് അധ്യാപികമാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നൃത്തശിൽപങ്ങൾ തുടങ്ങിയവ അരങ്ങേറുമെന്ന് പി.ജെ.എസ് ഭാരവാഹികൾ അറിയിച്ചു. 
കോവിഡ് മഹാമാരിയിൽ ആവശ്യമായ കരുതലും, സാന്ത്വനവും നൽകിയ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കോവിഡ് പോരാളികളെ അനുമോദിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും. പി.ജെ.എസ് എല്ലാവർഷവും വാർഷികത്തിന് നടത്താറുള്ള വിവിധങ്ങളായ ആദരവ് ചടങ്ങുകളും ഇതോടൊപ്പം ഉണ്ടാകും. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ചിത്രകാരിയും അധ്യാപികയുമായ യമുന വേണുവിനും ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് മുഹമ്മദ് കുട്ടി പാണ്ടിക്കാടിനും, പന്ത്രണ്ടാം ക്ലാസ്സിൽ ഉന്നത മാർക്ക് വാങ്ങിയ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ഷിഹാബുദ്ദീന്റെ മകൻ അസർ മുഹമ്മദിനും സമ്മാനിക്കും. മറ്റു വിവിധയിനം ആദരിക്കൽ ചടങ്ങുകളും പരിപാടിയിൽ അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ്് ജയൻ നായർ പ്രക്കാനം, ജനറൽ സെക്രട്ടറി അയൂബ് ഖാൻ പന്തളം, മറ്റു ഭാരവാഹികളായ അലി തേക്കുതോട്, ജോസഫ് വർഗീസ് വടശേശരിക്കര, സന്തോഷ് കെ ജോൺ, എബി ചെറിയാൻ മാത്തൂർ, വർഗീസ് ഡാനിയൽ, അനിൽ കുമാർ പത്തനംതിട്ട എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ജയൻ നായർ (0507535912), അയൂബ്ഖാൻ പന്തളം (0502329342), വർഗീസ് ഡാനിയൽ (0504982264) എന്നിവരെ ബന്ധപ്പെടാം. 
 

Latest News