ഭക്ഷണമില്ല, വരുമാനവുമില്ല; രക്ഷതേടി ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലേക്ക്

ഇന്ത്യയില്‍ അഭയംതേടി രാമേശ്വരത്തെത്തിയ ശ്രീലങ്കന്‍ ദമ്പതികളും അവരുടെ കുഞ്ഞും

ചെന്നൈ- അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ശ്രീലങ്കയിലെ ദുരിത ജീവിതത്തില്‍ നിന്ന് രക്ഷതേടി അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്. കഴിഞ്ഞ ദിവസം 16 ലങ്കക്കാരാണ് കടല്‍ മാര്‍ഗം തമിഴ്‌നാട്ടിലെ രാമേശ്വരത്ത് എത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ജാഫ്‌ന, മാന്നാര്‍ മേഖലകളില്‍ നിന്നുള്ള ലങ്കന്‍ തമിഴരാണ് ഈ അഭയാര്‍ത്ഥികള്‍. ആദ്യമെത്തിയ സംഘത്തിലെ ആറു പേര്‍ രാമേശ്വരം തീരത്തോടടുത്ത ഒരു ദ്വീപില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. രാത്രിയാണ് രണ്ടാമത്തെ സംഘം എത്തിയത്. 

ശ്രീലങ്കയില്‍ തൊഴിലില്ലായ്മയും ഭക്ഷ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ഈ ദുരിതത്തില്‍ നിന്ന് രക്ഷതേടി വരും നാളുകളില്‍ ഏതാണ്ട് രണ്ടായിരത്തോളം ലങ്കന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തുമെന്ന് വിവരമുള്ളതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. 

രാമേശ്വരം തീരത്തെത്തിയ അഭയാര്‍ഥികളില്‍ നാലു മാസം മാത്രം പ്രായമായ കുഞ്ഞടക്കം കുട്ടികളും സ്ത്രീകളും ഉണ്ട്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതായതോടെ രാജ്യം വിടാന്‍ നിര്‍ബന്ധിതരായതാണ് എന്നാണ് ഇവര്‍ പറയുന്നതെന്ന് പോലീസ് പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് പണം നല്‍കി ബോട്ടിലാണ് ഇവര്‍ ഇന്ത്യയിലേക്ക് കടക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ ഇവരെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ നാലം ദ്വീപായ അരിചല്‍ മുനൈയില്‍ കൊണ്ടു വന്നിറക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇവരെ രക്ഷിച്ചത്. 

വരുമാനവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും എല്ലാം നിലച്ചതോടെ നിരവധി ലങ്കന്‍ കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ വഴികള്‍ തേടുന്നുണ്ടെന്നാണ് ഇവരില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു.

Latest News