ഹരിപ്പാട്- സദാചാര ഗുണ്ടാ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പാട് മുട്ടം കണിച്ചനല്ലുര്‍ കരിക്കാട്ട് ബാലകൃഷ്ണന്‍ -സുപ്രഭ ദമ്പതികളുടെ മകന്‍ ശബരി (28) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോട് കുടി പള്ളിപ്പാട് നീറ്റൊഴുക്ക് ജംഗ്ഷനില്‍ വെച്ചായിരുന്നു ശബരി അക്രമിക്കപ്പെട്ടത്. ഡി.വൈ.എഫ്.ഐ പള്ളിപ്പാട് മേഖലാ സെക്രട്ടറിയും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ മുട്ടം കാവില്‍ തെക്കതില്‍ സുല്‍ഫിത്തിന്റെ (27) നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശബരിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്.
ബിടെക് സിവില്‍ പാസ്സായ ശബരി അഛന്റെ ഉടമസ്ഥതയിലുള്ള എം.പി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നടത്തിപ്പുകാരനായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ സാമഗ്രികളുടെ ഇടപാടുമായാണ് ശബരി പള്ളിപ്പാടിന് പോയത്. തിരികെ ബൈക്കില്‍ വരുമ്പോള്‍ സുല്‍ഫിത്തിന്റെ നേതൃത്വത്തിലുള്ള 8 അംഗ ഡി.വൈ.എഫ്.ഐ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇറക്കിയ ശേഷം ശബരിയുടെ ഹെല്‍മറ്റ് തലയില്‍ നിന്നെടുത്ത് ആദ്യം തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കുകള്‍ വളരെ ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. സംഭവം നടന്നു അഞ്ച് ദിവസത്തിന് ശേഷമാണ് ഡി.വൈ.എഫ്.ഐ നേതാവ് സുല്‍ഫിത്തിനേയും തളിക്കല്‍ യൂണീറ്റ് സെക്രട്ടറി കണ്ണനും (കണ്ണന്‍മോന്‍ 22) ഹരിപ്പാട് പോലീസില്‍ ഹാജരാകുകയായിരുന്നു. മറ്റൊരു പ്രതി മുതുകുളം വടക്ക് ചൂളത്തേല്‍ വടക്കതില്‍ അജേഷ് കുമാര്‍ (28) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് അഞ്ച് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശബരിയുടെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.






